കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി 41-ാമത് കേസായാണ് നാളെ കോടതി പരിഗണിക്കുന്നത്. ജസ്‌റ്റിൻ ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് കുടുംബം സംശയമുന്നയിച്ചത് ഹർജിയിലാണ്. കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ബന്ധുക്കളെത്തും മുമ്പ് ഇൻക്വസ്റ്റ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലക്കെടുക്കാനാകില്ല. ഇൻക്വസ്റ്റ് നടത്തുന്നതിലടക്കം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. തെളിവുകൾ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.
പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സി പി എം നേതാവാണ് കേസിലെ പ്രതി. ഭരണതലത്തിലടക്കം അവർക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. അതിനാൽ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |