പത്തനംതിട്ട: കണ്ണൂർ എ.ഡി.എം അയിരുന്ന മലയാലപ്പുഴ സ്വദേശി നവീൻബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയത് സി.പി.എം പത്തനംതിട്ട ജില്ലാ ഘടകത്തിന് വീണ്ടും തിരിച്ചടിയായി. തുടക്കം മുതൽ കുടുംബത്തോടൊപ്പം നിൽക്കുകയായിരുന്നു പത്തനംതിട്ട ഘടകം.
കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ജാമ്യത്തിലിറങ്ങിയപ്പോൾ സ്വീകരിക്കാൻ കണ്ണൂരിലെ പാർട്ടി നേതാക്കൾ എത്തിയതും ദിവ്യയ്ക്ക് വേണ്ടി സി.പി.എം അഭിഭാഷകൻ കേസ് വാദിക്കുന്നതും നേരത്തെ പത്തനംതിട്ട ഘടകത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോട് ഒപ്പമാണെന്ന് അവരുടെ വീട്ടിലെത്തി പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പിന്നീട്
പി.പി ദിവ്യ പാർട്ടി കേഡറാണെന്ന് പ്രഖ്യാപിച്ചതോടെ കുടുംബത്തിന് വേണ്ടിയുള്ള പരസ്യ പ്രതികരണങ്ങളിൽ നിന്ന് പത്തനംതിട്ട ജില്ലാ നേതൃത്വം പിൻമാറിയിരുന്നു. നവീൻ ബാബുവിന്റെ മരണശേഷം എല്ലാദിവസവും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്ന സി.പി.എം ജില്ലാ നേതാക്കൾ ഇപ്പോൾ അകലം പാലിക്കുകയാണ്.
സി.ബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബത്തിന്റെ തീരുമാനമാണെന്നും പാർട്ടിക്ക് ഒന്നും പറയാനില്ലെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രതികരിച്ചു. പിന്നീട് പ്രതികരിക്കാമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന സമിതിയംഗവുമായ മലയാലപ്പുഴ മോഹനൻ പറഞ്ഞു. പി.പി ദിവ്യയ്ക്കും കണ്ണൂർ കളക്ടർക്കുമെതിരെ ആദ്യം രംഗത്തുവന്നയാളാണ് മോഹനൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |