ന്യൂഡൽഹി: മലയാളി കായികതാരം മുഹമ്മദ് അനസിന് അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തു. അതോടൊപ്പം മലയാളി ബാഡ്മിന്റൺ കോച്ച് യു. വിമൽ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. മൊത്തം 19 പേരെയാണ് അർജുന അവാർഡിന് ശുപാർശ ചെയ്തിരിക്കുന്നത്. അടുപ്പിച്ച് രണ്ട് വർഷം(1988, 89) ഇന്ത്യൻ ബാഡ്മിന്റൺ നാഷണൽ ടൈറ്റിൽ നേടിയ ആളാണ് വിമൽ കുമാർ. ചീഫ് നാഷണൽ കോച്ച് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം മുൻ മലയാളി ഹോക്കി താരം മാനുവൽ ഫ്രെഡറിക്‌സിന് ധ്യാൻചന്ദ് പുരസ്കാരവും ലഭിച്ചു.
അവാർഡ് നിർണയ സമിതി യോഗമാണ് അനസിന്റെ പേര് അർജുന അവാർഡിനായി ശുപാർശ ചെയ്തത്. ഇതിന് മുൻപ് 400 മീറ്ററിൽ അനസ് ദേശീയ റെക്കോർഡ് നേടിയിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു. റിലേയിൽ 4 X 100 റിലേയിലും മിക്സഡ് റിലേയിലും വെള്ളിനേടിയിരുന്നു.
ഇതിന് പിറകെയാണ് അർജുന അവാർഡ് അനസിനെ തേടി എത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മിക്സഡ് റിലേയിൽ സ്വർണം നേടിയ ടീമിനെ അനസിന്റെ ടീം അയോഗ്യരാക്കി. ഇതോടെ അനസ് അംഗമായ ടീമിന് സ്വർണം ലഭിക്കുകയും ചെയ്തു. തന്റെ പുരസ്കാരം കേരളത്തിലെ പ്രളയദുരിതബാധിതർക്കായി സമർപ്പിക്കുന്നുവെന്ന് അനസ് അറിയിച്ചിട്ടുണ്ട്.
നാലുവർഷത്തെ പ്രകടനമാണ് അർജുന അവാർഡിനായി പരിഗണിക്കുന്നത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് എന്നിവയിൽ പങ്കെടുത്തവർക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജുന അവാർഡ് കിട്ടിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. 400 മീറ്ററിൽ ഒളിംപിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. ഏറെ കാത്തിരിപ്പിനൊടുവിലാണ് അനസ് ദേശീയ റെക്കോർഡ് മറികടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |