സൂപ്പർഹിറ്റ് ചിത്രം പുഷ്‌പയുടെ രണ്ടാം ഭാഗമായ പുഷ്‌പ 2: ദി റൂളിന്റെ കൊച്ചിയിലെ പ്രൊമോഷൻ പരിപാടിയിൽ നടൻ ഫഹദ് ഫാസിലിന് ഹൃദയംഗമമായ നന്ദി പറഞ്ഞ് നടൻ അല്ലു അർജുൻ. മലയാളത്തിലെ മികച്ച നടനൊപ്പം അഭിനയിക്കാൻ സാധിച്ചുവെന്ന് താരം ചടങ്ങിൽ പറഞ്ഞു.
'ആദ്യമായി മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായ ഫഫയുമൊത്ത് ജോലി ചെയ്യാൻ എനിക്ക് സാധിച്ചു. അദ്ദേഹത്തെ ഇന്ന് ഞാൻ ശരിക്കും മിസ് ചെയ്യുന്നു. ഇന്ന് കേരളത്തിൽ ഇവിടെ നമ്മൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോകുന്നു. അതൊരു സവിശേഷ കാര്യമാകുമായിരുന്നു. എന്റെ സഹോദരാ, നന്ദി. താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു. പുഷ്‌പ 2ൽ ഫഫ തകർത്തുവെന്ന് ഞാൻ എല്ലാ മലയാളികളെയും അറിയിക്കുകയാണ്. ലോകത്തെ എല്ലാ മലയാളികളെയും അദ്ദേഹം അഭിമാനം കൊള്ളിക്കുമെന്നത് ഉറപ്പാണ്'- ചടങ്ങിൽ അല്ലു അർജുൻ മനസുതുറന്നു.
കൊച്ചിയിലെ പരിപാടിയിൽ മലയാളി ആരാധകർക്കും നടൻ നന്ദി പറഞ്ഞു. 'എന്റെ ആർമി, നമസ്‌കാരം. നിങ്ങളുടെ ദത്ത് പുത്രനിൽ നിന്ന് നിങ്ങൾക്കായി നന്ദിയും സ്‌നേഹവും നേരുന്നു'-താരം വ്യക്തമാക്കി. പുഷ്‌പ 2 സംവിധായകൻ സുകുമാറിനും അല്ലു അർജുൻ നന്ദിയറിയിച്ചു.
'സുകുമാർ എനിക്ക് ആര്യ എന്ന സിനിമ തന്നതാണ് മലയാളം മാർക്കറ്റിൽ എനിക്ക് കുറിക്കാൻ കാരണമായത്. എല്ലാ ക്രെഡിറ്റും ആര്യയ്ക്ക് നൽകുന്നു. അവിടെനിന്ന് പുഷ്‌പ വരെ നിങ്ങളെനിക്ക് വളരെയധികം സ്‌നേഹം നൽകി'- അല്ലു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |