SignIn
Kerala Kaumudi Online
Sunday, 06 July 2025 3.40 PM IST

കാവി മുണ്ടും കുരിശുമാലയും വെള്ളത്തൊപ്പിയും,​ ഇത്തരം ചിത്രങ്ങളുടെ പ്രശ്നം എന്താണെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?,​ ചർച്ചയായി യുവാവിന്റെ കുറിപ്പ്

Increase Font Size Decrease Font Size Print Page
sandeep-das

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ഉയർന്നു വരുന്ന മതപരമായ പ്രഹസനങ്ങൾക്കെതിരെയുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മതമെെത്രി ഉയർത്തുകയാണെന്ന തരത്തിൽ നിരവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. എന്നാൽ ഇത്തരം ചിത്രങ്ങൾ ഫോട്ടോയെടുക്കുന്നതിനുവേണ്ടി മാത്രം വേഷം കെട്ടുകയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവുമെന്നും സന്ദീപ് ദാസ് കുറിക്കുന്നു.

സോഷ്യൽ മീഡിയയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണതയാണിത്.എന്റെ സുഹൃത്തുക്കളെ 'ഹിന്ദുസുഹൃത്ത് ', 'മുസ്ലീം സുഹൃത്ത് ' എന്നൊന്നും ഇതുവരെ വേർതിരിച്ചിട്ടില്ല.ഭാവിയിൽ വേർതിരിക്കുകയുമില്ല.'സുഹൃത്ത് ' എന്ന് മാത്രമേ പറയുകയുള്ളൂ. സന്ദീപ് ദാസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പറയാതെ വയ്യ.പ്രളയത്തേക്കാൾ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങൾ.ഒാണം,ക്രിസ്തുമസ്,ബക്രീദ് മുതലായ അവസരങ്ങളിൽ മാത്രം ഇത് സഹിച്ചാൽ മതിയായിരുന്നു.പക്ഷേ കാവിമുണ്ടും കുരിശുമാലയും വെള്ളത്തൊപ്പിയും ധരിച്ച സുഹൃത്തുക്കൾ വെള്ളപ്പൊക്കത്തിൻ്റെ സമയത്തും എത്തിയിരിക്കുന്നു !

ഈ ഫോട്ടോയിൽ യാതൊരുവിധ അസ്വാഭാവികതയും കണ്ടെത്താൻ സാധിക്കാത്ത ഒരുപാട് നിഷ്കളങ്കർ നമ്മുടെ നാട്ടിലുണ്ട്.പലരും ഇത്തരം ചിത്രങ്ങൾ അഭിമാനപൂർവ്വം അയച്ചുതരാറുമുണ്ട്.പിന്തുണയ്ക്കാൻ ആളുകൾ ഉള്ളതുകൊണ്ടാണ് ഈ പ്രഹസനം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരം ചിത്രങ്ങളുടെ പ്രശ്നം എന്താണെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരെ മതങ്ങളുടെ അടിസ്ഥാനത്തിൽ ചാപ്പയടിക്കുന്ന ഏർപ്പാട് തന്നെയാണിത്.സ്വാഭാവികമായി എടുക്കപ്പെടുന്ന ചിത്രങ്ങളല്ല ഇവ എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും.ഫോട്ടോയെടുക്കുന്നതിനുവേണ്ടി വേഷം കെട്ടുകയാണ് ! നീ ഹിന്ദുവാണെന്നും ഞാൻ മുസ്ലീമാണെന്നും പറയാതെ പറയുകയാണ്.മനുഷ്യത്വം എന്ന സങ്കൽപ്പത്തിന് അവിടെ പ്രസക്തി നഷ്ടപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണതയാണിത്.എൻ്റെ സുഹൃത്തുക്കളെ 'ഹിന്ദുസുഹൃത്ത് ' , 'മുസ്ലീം സുഹൃത്ത് ' എന്നൊന്നും ഇതുവരെ വേർതിരിച്ചിട്ടില്ല.ഭാവിയിൽ വേർതിരിക്കുകയുമില്ല.'സുഹൃത്ത് ' എന്ന് മാത്രമേ പറയുകയുള്ളൂ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ശബരിമലയ്ക്ക് പോയിട്ടുണ്ട്.അന്ന് മറ്റു മതസ്ഥരായ സുഹൃത്തുക്കൾ പല സഹായങ്ങളും ചെയ്തിരുന്നു.പക്ഷേ അതൊക്കെ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണെന്നുപോലും തോന്നിയിരുന്നില്ല.അത്തരം കാര്യങ്ങൾ വലിയ സംഭവം പോലെ പലരും ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട് !

ചന്ദനക്കുറിയണിഞ്ഞ് പെരുന്നാൾ ബിരിയാണി കഴിക്കുമ്പോൾ സൂക്ഷിക്കേണ്ട കാലമാണിത്.ഏതുനിമിഷവും നിങ്ങളുടെ മുഖം ക്യാമറയിൽ പതിഞ്ഞേക്കാം!

കുരിശുമാലയണിഞ്ഞവനും വെള്ളത്തൊപ്പി ധരിച്ചവനും ഒന്നിച്ചിരിക്കുന്നത് മഹത്തായ ഒരു സംഭവമായി തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ പോക്ക് കുഴപ്പത്തിലേക്കാണ്.അതെല്ലാം തികച്ചും സാധാരണമായ കാര്യങ്ങളാണ്.ആഘോഷമാക്കാൻ തോന്നുന്നുണ്ടെങ്കിൽ അതിനെ പേടിക്കണം !

മതസൗഹാർദ്ദം ഇങ്ങനെ നിർബന്ധപൂർവ്വം കുത്തിവെയ്ക്കേണ്ട ഒന്നല്ല.അത് സ്വാഭാവികമായി ഉണ്ടാകണം.കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നാം അത് കണ്ടതല്ലേ?

കവളപ്പാറയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തത് പോത്തുകല്ല് പള്ളിയിൽവെച്ചാണ്.മുസ്ലീങ്ങളല്ലാത്തവരുടെ ദേഹങ്ങൾ പള്ളിയിൽ കൊണ്ടുവരുന്നത് ശരിയാണോ എന്ന് ചിലർ ചോദിച്ചുവെത്രേ! ''മനുഷ്യരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത് '' എന്നായിരുന്നു മഹലിൻ്റെ വക്താക്കളുടെ മറുപടി.

വെള്ളം കയറിയ ചില ക്ഷേത്രങ്ങൾ വൃത്തിയാക്കിയത് അഹിന്ദുക്കളായിരുന്നു.ദൈവങ്ങളൊന്നും അതിൻ്റെ പേരിൽ കോപിച്ചതായി കണ്ടില്ല !

2018ലെ പ്രളയം ഇതിനേക്കാൾ രൂക്ഷമായിരുന്നു.അന്ന് അമ്പലങ്ങളും പള്ളികളുമൊക്കെ സുരക്ഷിതതാവളങ്ങളായി പരിണമിച്ചിരുന്നു.അവിടെ കിടന്നുറങ്ങിയവരുടെ ജാതിയും മതവും ഒന്നും ആരും ചോദിച്ചിരുന്നില്ല.

ഈ നാടിനുവേണ്ടി തൻ്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും എടുത്തുകൊടുത്ത നൗഷാദിനെ ആർക്കെങ്കിലും മറക്കാനാകുമോ? ആ പ്രവൃത്തിയിൽ മതം ആരോപിക്കാൻ സാമാന്യബോധമുള്ള ആർക്കെങ്കിലും സാധിക്കുമോ?

അതുപോലെ എത്രയെത്ര പച്ചമനുഷ്യരാണ് കേരളത്തെ കൈപിടിച്ചുയർത്താൻ കൈകോർത്തത് ! ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുമ്പോഴും,ദുരിതാശ്വാസനിധിയിലേക്ക് വലിയ സംഖ്യകൾ സംഭാവന ചെയ്തവരുണ്ട്.സഹജീവികൾക്കുവേണ്ടി അഹോരാത്രം വിയർപ്പൊഴുക്കിയവരുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിച്ചപ്പോൾ അതിനെ എതിർത്തുതോൽപ്പിക്കുന്ന കാര്യത്തിലും നാം ഒറ്റക്കെട്ടായിരുന്നു.അതാണ് മനുഷ്യത്വം ! അതാണ് മതേതരത്വം ! അല്ലാതെ ഫോട്ടോയെടുത്ത് ഉണ്ടാക്കുന്നതല്ല !

അതുകൊണ്ട് മതസൗഹാർദ്ദം എന്ന പേരിൽ അരങ്ങേറുന്ന കാപട്യം നിറഞ്ഞ കോപ്രായങ്ങളെ ശക്തമായി എതിർക്കുകതന്നെ വേണം.അക്കാര്യത്തിൽ ഒരു ദാക്ഷിണ്യവും വേണ്ട...

TAGS: RELIGION PHOTOS, SOCIAL MEDIA, SANDEEP DAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.