ന്യൂഡൽഹി: വയനാട് എം.പിയായി പ്രിയങ്കാഗാന്ധി വാധ്ര ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്‌തു. രാവിലെ ഡൽഹി ഖാൻ മാർക്കറ്റിലെ വസതിയിൽ നിന്ന് പ്രവർത്തകരുടെ വാദ്യാഘോഷ, പുഷ്‌പവൃഷ്‌ടി അകമ്പടിയോടെ കേരള സാരിയുമുടുത്താണ് പ്രിയങ്ക പാർലമെന്റിലെത്തിയത്. അമ്മയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയുമായ സോണിയാഗാന്ധി, സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺഗ്രസ് ഓഫീസിലെത്തി. ചെറു ചർച്ചകൾക്കുശേഷം സഭ തുടങ്ങാൻ അഞ്ചുമിനിട്ടുള്ളപ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ചു.
കേരളത്തലെ കോൺഗ്രസ് എം.പിമാർ ബൊക്കെ നൽകി പ്രിയങ്കയെ സ്വീകരിച്ചു. സഭാകവാടത്തിൽ അവർക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോ രാഹുൽ മൊബൈലിൽ പകർത്തി. ഇതിനിടെ രാഹുൽ തങ്ങളുടെ മുൻ എം.പിയാണെന്ന് കമന്റുയർന്നു. 11ന് ലോക്‌സഭാ സെക്രട്ടറി ജനറൽ സത്യപ്രതിജ്ഞ ചൊല്ലാൻ പ്രിയങ്കയെ വിളിച്ചു. സ്‌പീക്കർ ഓം ബിർളയ്ക്ക് സമീപത്തെ പോഡിയത്തിലെത്തി ഭരണഘടനയുടെ മാതൃകയുമേന്തി ദൃഢസത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് താഴെയിറങ്ങി പ്രതിപക്ഷ നിരയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലുമടക്കമുള്ള നേതാക്കളെ വണങ്ങി. രേഖകളിൽ ഒപ്പിട്ട ശേഷം നാലാമത്തെ നിരയിലെ ഇരിപ്പിടത്തിലേക്ക് പോയ സഹോദരിയെ രാഹുൽ ആലിംഗനം ചെയ്‌തു. തുടർന്ന് ലോക്‌സഭയിൽ അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിലും പ്രിയങ്ക പങ്കെടുത്തു.
സാക്ഷിയായി സോണിയയും
സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാകാൻ സന്ദർശക ഗാലറിയിൽ അമ്മ സോണിയാഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്ര, മക്കളായ മിരായ, റെയ്‌ഹാൻ, വാധ്രയുടെ മാതാവ്, എം.എൽ.എമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്‌ണൻ, എ.പി. അനിൽ കുമാർ, പി.കെ. ബഷീർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, ആര്യാടൻ ഷൗക്കത്ത്, എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, സി.ടി. ചെറിയ മുഹമ്മദ്, വി.എസ്. ജോയ്, കെ.എൽ. പൗലോസ് തുടങ്ങിയവരുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സഭയിലില്ലായിരുന്നു. മഹാരാഷ്‌ട്രയിലെ നാന്ദെഡിൽ നിന്ന് ജയിച്ച കോൺഗ്രസ് അംഗം രവീന്ദ്ര വസന്ത് റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു.
രാഹുലും പ്രിയങ്കയും നാളെവയനാട്ടിൽ
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്കയും നാളെ മണ്ഡലത്തിലെത്തും. രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മുക്കത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും. തുടർന്ന് 2.15 ന് കരുളായി, 3.30 ന് വണ്ടൂർ, 4.30 ന് എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഞായറാഴ്ച 10.30 ന് മാനന്തവാടിയിലും 12.15 ന് സുൽത്താൻ ബത്തേരിയിലും, 1.30ന് കൽപ്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് വൈകിട്ട് കോഴിക്കോട് നിന്ന് ഡൽഹിക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |