SignIn
Kerala Kaumudi Online
Friday, 20 February 2026 10.45 AM IST

'എപ്‌സ്റ്റീനി'ൽ വീണു,​ ഇനി അഴിക്കുള്ളിൽ ? മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ അറസ്‌റ്റിൽ

Increase Font Size Decrease Font Size Print Page
pic

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ അറസ്റ്റിൽ. ചാൾസ് മൂന്നാമൻ രാജാവിന്റെ സഹോദരനാണ് ആൻഡ്രൂ. ആൻഡ്രൂവിന്റെ 66-ാം പിറന്നാൾ ദിനമായ ഇന്നലെ രാവിലെ, നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ സർക്കാർ റിപ്പോർട്ടുകളും ആഭ്യന്തര മെമ്മോകളും ആൻഡ്രൂ ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തായതോടെയാണ് അറസ്റ്റ്. 2001 - 2011 കാലത്ത് യു.കെയുടെ പ്രത്യേക അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ പ്രതിനിധിയായിരിക്കെയാണ് ആൻഡ്രൂ വിവരങ്ങൾ കൈമാറിയതെന്ന് എപ്സ്റ്റീൻ ഫയൽസിൽ സൂചിപ്പിക്കുന്നുണ്ട്. ലൈംഗികാരോപണങ്ങളും അന്വേഷിക്കുന്നുണ്ട്. ആൻഡ്രൂവുമായുള്ള ലൈംഗികബന്ധത്തിനായി എപ്സ്റ്റീൻ സ്ത്രീകളെ യു.കെയിലേക്ക് കടത്തിയെന്ന് ആരോപണമുണ്ട്.

ആൻഡ്രൂ മുമ്പ് താമസിച്ചിരുന്ന ഇടങ്ങളിൽ അടക്കം പൊലീസ് തെരച്ചിൽ നടത്തി. വ്യാപാര പ്രതിനിധിയെന്ന തന്റെ പദവി സ്വന്തം ബിസിനസിന് വേണ്ടിയോ അല്ലെങ്കിൽ എപ്സ്റ്റീന് വേണ്ടിയോ ആൻഡ്രൂ ദുരുപയോഗം ചെയ്തോ എന്ന് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള ആൻഡ്രൂവിനെ പൊലീസ് ചോദ്യം ചെയ്യും. കുറ്റംചുമത്താതെ 24 മണിക്കൂർ മാത്രമേ കസ്റ്റഡിയിൽ വയ്ക്കാനാകൂ. എന്നാൽ കോടതിയുടെ അനുമതിയോടെ ഇത് 96 മണിക്കൂർ വരെ നീട്ടാം.

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ നാല് മക്കളിൽ മൂന്നാമത്തെയാളാണ് ആൻഡ്രൂ. എപ്‌സ്റ്റീനുമായുള്ള ബന്ധം നേരത്തേ യു.കെയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരിൽ ആൻഡ്രൂവിന്റെ രാജകീയ പദവികളും ബഹുമതികളും സൈനിക അംഗീകാരങ്ങളും എടുത്തുകളഞ്ഞിരുന്നു. ആൻഡ്രൂവും സ്ത്രീകളുമൊന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ യു.എസ് കഴിഞ്ഞ മാസം പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിലുണ്ടായിരുന്നു. യുവതികളെ കാണാൻ ക്ഷണിച്ചുകൊണ്ടുള്ള എപ്സ്റ്റീന്റെ ഇ-മെയിലുകളും പുറത്തുവന്നു. ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗം അറസ്റ്റിലാവുന്നത്.

 അറസ്റ്റിൽ ആശങ്കയുണ്ട്. എന്നാൽ നിയമം അതിന്റെ വഴിക്ക് നീങ്ങണം. അധികാരികളെ പൂർണമായും പിന്തുണയ്ക്കുന്നു.

- ചാൾസ് മൂന്നാമൻ,

ബ്രിട്ടീഷ് രാജാവ്

-------------------------------------

 രാജകുടുംബത്തിന്റെ തലവേദന,

വിവാദങ്ങളുടെ തോഴൻ

ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ, ബ്രിട്ടീഷ് രാജകുടുംബത്തിന് തലവേദനയായി മാറിയിട്ട് വർഷങ്ങളായി. 2014ലാണ് വിവാദങ്ങൾ ആളിക്കത്തിയത്. 2001ൽ എപ്‌സ്റ്റീൻ വഴി ആൻഡ്രൂ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കാട്ടി വിർജീനിയ ജൂഫ്രെ എന്ന യുവതി രംഗത്തെത്തി. ഇവരുമൊത്തുള്ള ആൻഡ്രൂവിന്റെ ചിത്രം 2011ൽ പുറത്തുവന്നു. ഇതോടെ ആൻഡ്രൂ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറി. പൊതു പരിപാടികളിൽ നിന്ന് വിട്ടുനിന്നു. വിർജീനിയ യു.എസിൽ കേസ് ഫയൽ ചെയ്തെങ്കിലും 2022ൽ ആൻഡ്രൂ ഒരു തുക വിർജീനിയയ്ക്കും അവരുടെ ചാരിറ്റി സംഘടനയ്ക്കും നൽകി ഒത്തുതീർപ്പാക്കി.

കഴിഞ്ഞ വർഷം ഏപ്രിലിൽ 41-ാം വയസിൽ വിർജീനിയ ആത്മഹത്യ ചെയ്തു. പിന്നാലെ പുറത്തുവന്ന അവരുടെ ആത്മകഥയിൽ ആൻഡ്രൂവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി. ആരോപണങ്ങളെല്ലാം ആൻഡ്രൂ നിഷേധിച്ചു. 1990കളുടെ തുടക്കം മുതൽ ആൻഡ്രൂവിന് എപ്സ്റ്റീനെ പരിചയമുണ്ട്. 2005ലാണ് അമേരിക്കൻ സമ്പന്നനും ധനകാര്യ വിദഗ്ദ്ധനുമായ എപ്‌സ്റ്റീനെതിരെ അന്വേഷണം തുടങ്ങിയത്. 2008ൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചത് അടക്കം രണ്ട് കുറ്റങ്ങൾക്ക് ഇയാൾക്ക് 13 മാസത്തെ ജയിൽ ശിക്ഷ ലഭിച്ചു. കുറ്റകൃത്യങ്ങളുടെ വ്യാപ്തി പുറത്തായതോടെ 2019 ജൂലായിൽ എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി.ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട എപ്‌സ്റ്റീനെ വിചാരണ കാത്തിരിക്കുന്നതിനിടെ, 2019 ആഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

# കൊട്ടാരത്തിന് പുറത്ത്

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബറിലാണ് ആൻഡ്രൂവിന്റെ രാജകീയ പദവികളും ബഹുമതികളും സൈനിക അംഗീകാരങ്ങളും ചാൾസ് മൂന്നാമൻ രാജാവ് എടുത്തുകളഞ്ഞത്. ഇതോടെ ആൻഡ്രൂവിന്റെ പേരിനൊപ്പമുള്ള 'പ്രിൻസ് (രാജകുമാരൻ)" പദവി നഷ്ടപ്പെട്ടു. രാജകീയ മാളികയായ ബെർക്‌ഷെയറിലെ 'റോയൽ ലോഡ്ജും" ആൻഡ്രൂവിന് നഷ്ടമായി. അതേ സമയം, ബ്രിട്ടീഷ് രാജസിംഹാസനത്തിന്റെ അവകാശികളുടെ നിരയിൽ എട്ടാം സ്ഥാനത്ത് ആൻഡ്രൂ തുടരുന്നുണ്ട്.

# മുൻ ഭാര്യയും

ആൻഡ്രൂ മാത്രമല്ല,​ അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറ ഫർഗൂസനും എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എപ്സ്റ്റീൻ കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ഇത് തുടർന്നു. 'നിങ്ങൾ ഒരു ഇതിഹാസമാണെന്നും തന്നെ വിവാഹം കഴിക്കണമെന്നും " സാറ എപ്സ്റ്റീനോട് പറയുന്ന ഇമെയിൽ അടുത്തിടെ പുറത്തുവന്നിരുന്നു. 1996ലാണ് സാറയും ആൻഡ്രൂവും വേർപിരിഞ്ഞത്. 2010ൽ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് ആൻഡ്രൂ പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷവും ഇരുവരും സൗഹൃദവും ബിസിനസ് ഇടപാടുകളും തുടർന്നെന്ന് രേഖകൾ സൂചിപ്പിക്കുന്നു.അതേ സമയം, സാറ-ആൻഡ്രൂ ദമ്പതികളുടെ മക്കളായ ബിയാട്രിസിനും യൂജിനിയ്ക്കും രാജകീയ പദവികൾ നഷ്ടമായിട്ടില്ല. എന്നാൽ അച്ഛന്റെയും അമ്മയുടെയും പേരിലെ വിവാദങ്ങൾ ഇരുവരുടെയും പ്രതിച്ഛായയ്ക്ക് കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്.

# ഒരിക്കൽ ഹീറോ

 1982ലെ ഫോക്ക്‌ലാൻഡ്സ് യുദ്ധത്തിൽ ആൻഡ്രൂ ഹെലികോപ്റ്റർ പൈലറ്റായി സേവനം അനുഷ്ഠിച്ചു. 'വാർ ഹീറോ" പരിവേഷം നേടി

 2001ൽ ബ്രിട്ടീഷ് റോയൽ നേവിയിൽ നിന്ന് കമാൻഡറായി വിരമിച്ചു

 അന്നേ വർഷം യു.കെയുടെ പ്രത്യേക അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ പ്രതിനിധിയായി

 എപ്സ്റ്റീനുമായുള്ള സൗഹൃദം വിവാദമായതോടെ 2011ൽ പദവി ഒഴിഞ്ഞു

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.