സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധകരും ലോകവും കേട്ടത്. 29 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ദമ്പതികൾ വേർപിരിയാൻ തീരുമാനിച്ചത്. ഇരുവരും സംയുക്തപ്രസ്താവനയിലൂടെയായിരുന്നു പിരിയുന്ന വിവരം പരസ്യമാക്കിയത്. അതിനുശേഷം പിരിയാനുളള കാരണങ്ങളെപ്പറ്റി പല ഊഹാപാേഹങ്ങളും പ്രചരിച്ചു. വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ റഹ്മാനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ റഹ്മാൻ യു ട്യൂബ് ചാനലുകൾക്കെതിരെ വക്കീൽ നോട്ടീസയക്കുകയും ചെയ്തു.
ഇപ്പോഴിതാ, ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാദ്ധ്യത തെളിയുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സൈറാബാനുവിന്റെ അഭിഭാഷക വന്ദനാ ഷാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയത്.
'ഇരുവരും തമ്മിൽ അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ശുഭാപ്തിവിശ്വാസത്തോടെയാണ് ഞാൻ കാര്യങ്ങളെ കാണുന്നത്. പ്രണയത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്. അവരുടെ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമാണ്. നീണ്ടകാലത്തെ ദാമ്പത്യമായിരുന്നു ഇരുവരുടേത്. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. എന്നാൽ, അനുരഞ്ജനം സാദ്ധ്യമല്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല'. എന്നാണ് അഭിമുഖത്തിൽ വന്ദനാ ഷാ പറഞ്ഞത്. ജീവനാംശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അവർ വ്യക്തമായി പ്രതികരിച്ചില്ല. സൈറയ്ക്ക് സാമ്പത്തിക ലക്ഷ്യങ്ങളില്ലെന്നും അവർ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നാണ് വന്ദന പറയുന്നത്. കുട്ടികളിൽ ചിലർ മുതിർന്നവരാണ്. ആരുടെയൊപ്പം നിൽക്കണമെന്ന് അവർക്ക് തീരുമാനിക്കാം എന്നാണ് അവർ പറഞ്ഞത്. ഖദീജ, റഹീമ, അമീൻ എന്നിവരാണ് റഹ്മാൻ-സൈറാബാനു ദമ്പതികൾക്ക്. ഇതിൽ ഖദീജ രണ്ടുവർഷം മുൻപ് വിവാഹിതയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |