അശോകൻ എന്നാൽ ശോകമില്ലാത്തവൻ എന്നാണ് അർത്ഥമെങ്കിലും അശോകൻ ചേട്ടൻ എപ്പോഴും ശോകമൂകമായ മുഖഭാവത്തോടെയാണ് എല്ലാ ദിവസവും പ്രഭാത നടത്തത്തിന് എത്തിയിരുന്നത്. ഞങ്ങളുടെ നടപ്പു സംഘത്തിൽ ചേർന്നു വാചകമടിച്ച് മുന്നേറുമ്പോൾ അക്ഷരാർത്ഥത്തിൽ ശോകമില്ലാത്ത അശോകനായി മാറും. ഇതായിരുന്നു പതിവ്. എന്നാൽ ഒരു പ്രഭാതത്തിൽ, വളരെ സന്തോഷത്തോടെ ചിരിച്ച മുഖവുമായാണ് അശോകൻ ചേട്ടൻ എത്തിയത്. അതുകണ്ട ഞങ്ങൾക്കും സന്തോഷമായി.
''എന്താ ചേട്ടാ... ഭാര്യ നാട്ടിൽ പോയോ?""- ഞങ്ങളിൽ ഒരാൾ സംശയം ഉന്നയിച്ചു. വളരെ ഉച്ചത്തിൽ, പരിസരം മറന്ന് ചിരിച്ചു കൊണ്ട് അശോകൻചേട്ടൻ പറഞ്ഞു:
''മൈഡീയർ ഗയ്സ്, ഒരു സന്തോഷവാർത്ത അറിയിക്കുകയാണ്. മകളുടെ വിവാഹം ഉറപ്പിച്ചു. അടുത്തമാസം പത്താം തീയതിയാണ്. നിങ്ങളെല്ലാവരും വരണം."" കഴിഞ്ഞ എട്ടുവർഷമായി മകളുടെ നിരവധി കല്യാണാലോചനകൾ ഒന്നൊന്നായി കേട്ടുകൊണ്ടിരുന്ന ഞങ്ങൾക്ക് ഈ ഉറപ്പിക്കൽ വാർത്ത ഞെട്ടലും ഒപ്പം സന്തോഷവും പകർന്നു. ആലോചനകളൊന്നും ശരിയാകാത്തതിന് പ്രധാന കാരണം, ചേട്ടന്റെ മകളുടെ അസമയത്തുള്ള ഭൂമീപ്രവേശമായിരുന്നു! ഏതോ രണ്ടു നക്ഷത്രങ്ങൾക്ക് ഇടയിൽപ്പെട്ടുപോയി, പാവത്തിന്റെ ജനനം!
ഭൂമിയിൽ ഏതോ ഒരു അപൂർവ ജന്മമെടുത്ത പയ്യനു മാത്രമേ മോൾക്ക് വരനായി വരാൻ പറ്റുകയുള്ളുവെന്ന് ജ്യോത്സ്യന്മാർ കവടിനിരത്തി ഏകകണ്ഠമായി പ്രഖ്യാപിച്ചു കളഞ്ഞു! എട്ടുവർഷത്തെ ജാതകാന്വേഷണ പരീക്ഷണങ്ങൾക്കൊടുവിൽ ജ്യോതിഷശാസ്ത്രം എന്താണെന്ന് കേട്ടിട്ടു പോലുമില്ലാത്ത അമേരിക്കയിൽ നിന്ന് ഒരു മലയാളിപ്പയ്യനെ അശോകൻ ചേട്ടൻ വലവീശിപ്പിടിച്ചു! പയ്യൻ സുമുഖൻ, സൗമ്യൻ, തറവാടി, മര്യാദരാമൻ! പയ്യന്റെ മാതാപിതാജികൾ അതുക്കുംമേലെ ബഹുത്ത് അച്ഛാ ലോഗ് ! യു.എസിൽ സെറ്റിൽഡ്!
പെണ്ണുകാണലിന്റെ അന്നുതന്നെ സൗകര്യപൂർവം വിവാഹനിശ്ചയവും നടത്തി. അതിന്റെ പിറ്റേന്നായിരുന്നു അശോകൻ ചേട്ടന്റെ പ്രഭാത സവാരീ പ്രഖ്യാപനം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഞങ്ങൾ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തപ്പോൾ ചേട്ടൻ പ്രതിവചിച്ചു: ''നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കല്യാണത്തിന്റെ മുഴുവൻ നടത്തിപ്പും ഒരു പി.ആർ.ഒ കമ്പനിയെ ഏൽപ്പിച്ചുകഴിഞ്ഞു.""
''ചേട്ടാ... അത് പി.ആർ.ഒ അല്ല, ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ്. രാഷ്ട്രീയചർച്ച സ്ഥിരമായി കാണുന്നതുകൊണ്ട് ചേട്ടന് തെറ്റിപ്പോയതാണ്.""
പത്താം തീയതിക്കുവേണ്ടി ഞങ്ങൾ കാത്തിരുന്നു. ഇവന്റ് മേക്കിംഗ് ടീമിനെ ഏല്പിച്ചതുകൊണ്ട് കല്യാണദിനം പോലും ഞങ്ങൾക്ക് നടത്തിപ്പില്ല, നടത്തം മാത്രം! ഞങ്ങൾ മുഹൂർത്തത്തിന് മുമ്പുതന്നെ വി.ഐ.പി നിരകൾക്കു തൊട്ടുപിന്നിൽ ഉപവിഷ്ടരായി. ഇവന്റ് മേക്കിംഗ് ടീം അംഗങ്ങൾ, ജീവിതത്തിൽ ഇന്നേവരെ അവർ കണ്ടിട്ടില്ലാത്ത അതിഥികളെ വെളുക്കെച്ചിരിച്ച്, സത്കരിച്ച് സീറ്റുകളിൽ ഭവ്യതയോടെ കൊണ്ടിരുത്തുന്ന നയന മനോഹര കാഴ്ചകൾ ഞങ്ങളെപ്പോലെ അശോകൻചേട്ടനും കുടുംബവും പയ്യന്റെ കുടുംബാംഗങ്ങളും ഇരിപ്പിടങ്ങളിലിരുന്ന് വീക്ഷിക്കുകയായിരുന്നു.
ഇവന്റല്ലാത്ത ഒരുത്തന്റെയും സഹായം വേണ്ട എന്ന മട്ടിലായിരുന്നു ഇവന്റന്മാർ. ശീതീകരിച്ച ഹാളിന്റെ സുഖലോലുപതയിൽ നന്നായി അഭിരമിച്ചിരിക്കുമ്പോഴായിരുന്നു സ്ക്രീനിൽ പെട്ടെന്ന് പ്രീവെഡ്ഡിംഗ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പയ്യന്റെയും പെൺകുട്ടിയുടെയും ഒറ്റയ്ക്കുള്ള ചില ക്ലോസപ്പുകൾക്കു ശേഷം ഹിന്ദി സിനിമയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുകയോ വെല്ലുകയോ ചെയ്യുന്ന തരത്തിൽ വരന്റെയും വധുവിന്റെയും പ്രേമസല്ലാപങ്ങളും അതിരുകടന്ന ചില ചുംബനരംഗങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. വസ്ത്രധാരണത്തിലും ചില എ.ഐ പ്രയോഗങ്ങളും സ്പെഷ്യൽ ഇഫക്ടുകളും! വളരെ പുരോഗമനവാദികളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടിരുന്ന ഞങ്ങൾ പോലും അതുകണ്ട് ഞെട്ടി! പരസ്പരം നോക്കാനാകാതെ ഞങ്ങൾ തലകുനിച്ചിരുന്നു.
അടുത്തിരുന്ന ചിലർ എന്തോ അശ്ലീല കമന്റുകൾ പറയുന്നത് കേൾക്കാമായിരുന്നു. പെട്ടെന്നാണ് അതു സംഭവിച്ചത്. വരന്റെ ടീമിലുള്ള ചില പ്രബലർ പ്രതിഷേധ സ്വരമുയർത്തി എഴുന്നേറ്റു നിന്നു. അമേരിക്കയിൽത്തന്നെ താമസക്കാരായ വരന്റെ മാതാപിതാക്കൾ എഴുന്നേറ്റുനിന്ന് വധുവിന്റെ ആൾക്കാരോട് കയർത്തു സംസാരിക്കുന്നത് കേൾക്കാമായിരുന്നു.
അശോകൻ ചേട്ടൻ ശോകമൂകനായി നിൽക്കുന്ന കാഴ്ച ഞങ്ങളെ വേദനിപ്പിച്ചു. ഇതിനിടയിൽ ഞങ്ങളുൾപ്പടെ കുറേ അതിഥികൾ മന്നോട്ടു വന്നു. ആദ്യമായി വീഡിയോ നിറുത്തി. പിന്നെ പ്രയാസപ്പെട്ട് വരന്റെ വീട്ടുകാരെ സമാധാനപ്പെടുത്തി. മുഹൂർത്തം കഴിഞ്ഞാണെങ്കിലും താലികെട്ടു നടത്തി. വിരട്ടാതെ തന്നെ ഇവന്റന്മാർ ജീവനും കൊണ്ടോടി. കാണികൾ ഏറ്റെടുത്തു നടത്തിയ ഇവന്റ് അങ്ങനെ വലിയ മേക്കിംഗിന്റെ ആരവങ്ങളില്ലാതെ മംഗളമായി കലാശിക്കുകയും ചെയ്തു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |