തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ ഇതുവരെ ആരെയെങ്കിലും അറസ്റ്റു ചെയ്തോയെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. ഇല്ലെന്ന് ഉദ്യോഗസ്ഥരുടെ മറുപടി. കർശന നടപടി സ്വീകരിക്കാൻ പൊലീസിനും സഹകരണ വകുപ്പിനും മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇന്നലെ മന്ത്രി വി.എൻ.വാസവന്റെ സാന്നിദ്ധ്യത്തിൽ നേമം ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ യോഗത്തിലാണിത്.
തുടർന്ന് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കിയതായി സൂചനയുണ്ട്. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്രീവ് ഭരണം ഏർപ്പെടുത്താനുള്ള ആലോചന സഹകരണ വകുപ്പും തുടങ്ങി. നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ സഹകരണസംഘം രജിസ്ട്രാറെ യോഗം ചുമതലപ്പെടുത്തിയെന്നും അറിയുന്നു. ക്രമക്കേട് നടത്തിയ ബാങ്ക് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സഹകരണ രജിസ്ട്രാർ സജിത് ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സമരം ശക്തമാക്കുമെന്ന്
നിക്ഷേപകരുടെ കൂട്ടായ്മ
നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള തീരുമാനങ്ങളൊന്നും യോഗത്തിലുണ്ടായില്ലെന്നും
പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രഖ്യാപനം പ്രഹസനമായെന്നും നിക്ഷേപകരുടെ കൂട്ടായ്മ ആരോപിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാർച്ച് നടത്തുമെന്ന് രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാൻ, കൺവീനർ കൈമനം സുരേഷ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |