അമരാവതി: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. മുൻ വൈ എസ് ആർ കോൺഗ്രസ് സർക്കാർ നാമനിർദേശം ചെയ്ത ബോർഡാണ് പിരിച്ചുവിട്ടത്. നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കി.
2024ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ ഉയർന്നുവരുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഹൈക്കോടതി ഉത്തരവും പരിഗണിച്ച ശേഷമാണ് വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
വൈ എസ് ആർ സർക്കാർ രൂപീകരിച്ച എ പി സ്റ്റേറ്റ് വഖഫ് ബോർഡ് വളരെക്കാലമായി (2023 മാർച്ച് മുതൽ) പ്രവർത്തനരഹിതമാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. അന്ന് രൂപീകരിച്ച വഖഫ് ബോർഡിൽ 11 അംഗങ്ങൾ ഉണ്ടായിരുന്നു. അവരിൽ മൂന്ന് പേർ തിരഞ്ഞെടുക്കപ്പെടുകയും എട്ട് പേരെ നോമിനേറ്റ് ചെയ്യുകയുമായിരുന്നു.
2023 നവംബർ ഒന്നിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സംസ്ഥാന വഖഫ് ബോർഡിന്റെ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കുന്നത് സ്റ്റേ ചെയ്തിരുന്നു. ചെയർപേഴ്‌സൺ നിയമനവുമായി ബന്ധപ്പെട്ട ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നടപടി.
അതേസമയം, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി എൻ എം ഡി ഫാറൂഖ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |