മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് നടത്തി 26കാരിയിൽ നിന്ന് 1.7 ലക്ഷം രൂപ തട്ടിയെടുത്തു.
മുംബയ് ബോറിവാലി ഈസ്റ്റ് സ്വദേശിയായ യുവതിയെ നഗ്നയാക്കിയാണ് പണം തട്ടിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി, നവംബർ 19നാണ് തട്ടിപ്പിന് ഇരയായത്. ഡൽഹി പൊലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം വിളിച്ചത്. നിലവിൽ ജയിലിൽ കഴിയുന്ന ജെറ്റ് എയർവേയ്സിന്റെ സ്ഥാപക ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും ലഭിച്ചെന്ന് അറിയിച്ചു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വിഡിയോ കാളിൽ വിളിച്ച് ഡിജിറ്റൽ അറസ്റ്റിലാണെന്ന് അറിയിച്ചു. ചോദ്യം ചെയ്യൽ തുടരാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഹോട്ടലിൽ മുറിയെടുത്ത് ചെക്ക് ഇൻ ചെയ്തപ്പോൾ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ 1,78,000 രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് തട്ടിപ്പുകാർ പറഞ്ഞു. ബോഡി വെരിഫിക്കേഷൻ ആവശ്യമാണെന്നുപറഞ്ഞ സംഘം വീഡിയോ കാളിനിടെ വസ്ത്രം അഴിപ്പിച്ചു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവതി 28ന് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |