ബംഗളൂരു: കർണാടകയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസായി (എഎസ്‌പി) ചുമതലയേൽക്കാൻ പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധനാണ് (25) മരിച്ചത്. ആദ്യ ചുമതലയേറ്റെടുക്കാൻ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഹാസനയ്ക്ക് സമീപം പത്ത് കിലോമീറ്റർ അകലെ കിട്ടനെയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.
ജീപ്പ് ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് ജീപ്പ് നിന്നത്. ഹർഷിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. വാഹനങ്ങളെ ഒഴിപ്പിച്ച് ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബംഗളൂരുവിൽ എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ഹർഷിന്റെ പിതാവ് സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ്. സിവിൽ എഞ്ചിനീയർ കൂടിയായ ഹർഷ് ആറ് മാസത്തോളം ഹാസനിൽ ജില്ലാ പ്രായോഗിക പരിശീലനം പൂർത്തിയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |