സെലിബ്രിറ്റികളില്‍ പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ആഡംബര കാര്‍ പ്രേമികളുടെ നീണ്ടനിരതന്നെയുണ്ട്. അത്തരത്തിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍താരവുമായ സാക്ഷാല്‍ വിരാട് കൊഹ്ലി. രാജ്യത്തെ ചുരുക്കം സെലിബ്രിറ്റികള്‍ക്ക് മാത്രമുള്ള ആഡംബര കാറുകളും താരത്തിന്റെ പക്കലുണ്ട്. എന്നാല്‍ താരം ആദ്യമായി സ്വന്തമാക്കിയ കാര്‍ ഏതാണെന്ന് അറിയാമോ? ഒരു അഭിമുഖത്തില്‍ ഇതിനുള്ള മറുപടി കൊഹ്ലി തന്നെ പറയുന്നുണ്ട്.
ഏതെങ്കിലും സ്‌പോര്‍ട്‌സ് മോഡല്‍ കാറായിരിക്കും താരം വാങ്ങിയതെന്നാണ് പലരും പ്രതീക്ഷിച്ചിട്ടുണ്ടാകുക. എന്നാല്‍ വിരാടിന്റെ മറുപടി അദ്ദേഹത്തിന്റെ ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. വിരാട് താങ്കളുടെ ആദ്യത്തെ കാര്‍ ഏതായിരുന്നു എന്നായിരുന്നു താരത്തോടുള്ള ചോദ്യം. ആദ്യത്തെ വണ്ടിയോ ? എനിക്ക് ഓര്‍മ്മയുണ്ട്. 2008ല്‍ ആണ് ആദ്യത്തെ കാര്‍ സ്വന്തമായി വാങ്ങിയതെന്നും അത് ഒരു ടാറ്റ സഫാരിയായിരുന്നുവെന്നുമാണ് വിരാട് നല്‍കിയ മറുപടി.
ടാറ്റ സഫാരി വാങ്ങാനുള്ള കാരണവും താരം വെളിപ്പെടുത്തി. വലിയ വണ്ടികള്‍ ചെറുപ്പം മുതല്‍ തന്നെ ഒരുപാട് പ്രിയപ്പെട്ടതായിരുന്നുവെന്നാണ് താരം പറയുന്നത്. വാഹനത്തില്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്നതും തനിക്ക് ഇഷ്ടമായിരുന്നുവെന്നും ഡല്‍ഹിയില്‍ അന്ന് എക്‌സ്ട്രാ ഫിറ്റിംഗ് ആയി പുതിയ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്നത് വലിയ ട്രെന്‍ഡ് ആയിരുന്നുവെന്നും താരം പറയുന്നു.
ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ വര്‍ഷമാണ് താരം ആദ്യത്തെ കാര്‍ വാങ്ങിയത്. വിരാട് കൊഹ്ലിയായിരുന്നു ടീമിന്റെ നായകന്‍. ഇതേ വര്‍ഷം നടന്ന ആദ്യത്തെ ഐപിഎല്‍ സീസണില്‍ കൊഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി അരങ്ങേറുകയും ചെയ്തു. തൊട്ടുപിന്നാലെ ഓഗസ്റ്റില്‍ ഇന്ത്യക്കായും താരം കളത്തിലിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |