ഹൈദരാബാദ്: നടന്‍ നാഗചൈതന്യയുടേയും ശോഭിതയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. വിവാഹം ഒരു വന്‍ സംഭവമാക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം. ഡിസംബര്‍ നാലിനാണ് വിവാഹം നടക്കുക. ഹൈദരാബാദിലെ ബഞ്ചാറ ഹില്‍സിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് വിവാഹം നടക്കുക. അക്കിനേനി കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ളതും കുടുംബത്തിന് വളരെ പ്രധാനപ്പെട്ട സ്ഥലം കൂടിയാണിത്.
തെലുങ്കിലെ നിരവധി പ്രശസ്ത സിനിമകളുടെ ചിത്രീകരണം നടന്ന സ്ഥലമാണ് ഇത്. അക്കിനേനി നാഗേശ്വര റാവു 1976-ലാണ് അന്നപൂര്‍ണ സ്റ്റുഡിയോ സ്ഥാപിച്ചത്. അന്നപൂര്‍ണ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന 22 ഏക്കര്‍ ഭൂമി അന്ന് ഏക്കറിന് 7500 രൂപ നല്‍കിയാണ് നാഗേശ്വര റാവു വാങ്ങിയത്. 22 ഏക്കര്‍ വാങ്ങാന്‍ നാഗേശ്വര റാവുവിന് ചെലവായത് ഏകദ്ദേശം 1.60 ലക്ഷം രൂപ മാത്രമാണ്. സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഇന്ന് ഒരേക്കറിന് 30 കോടിയോളം രൂപ വിലമതിക്കും.
650 കോടിയോളമാണ് സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന ഭൂമിയുടെ വില. നിലവില്‍ നാഗാര്‍ജുനയുടെ കൈവശമാണ് സ്റ്റുഡിയോ. 2015-ല്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായിരുന്നു. 2015-ല്‍ ആന്ധ്രയും തെലങ്കാനയും രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ച ശേഷം സ്റ്റുഡിയോയുടെ സ്ഥലത്തിന്റെ ഒരു ഭാഗമേറ്റെടുക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ആദ്യം വഴങ്ങാതിരുന്ന ഉടമകള്‍ സ്ഥലത്തിന് പകരം നഷ്ടപരിഹാരം വേണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെക്കുകയായിരുന്നു.
സംസ്ഥാനത്തെ ചലച്ചിത്ര മേഖലയ്ക്ക് ഗുണകരമായ സംരംഭം ആരംഭിക്കാന്‍ വേണ്ടിയാണ് അന്ന് വളരെ തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കിയതെന്നും ഇപ്പോള്‍ സ്ഥലത്തിന്റെ ഒരു ഭാഗം ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ ആവശ്യത്തിന് വേണ്ടിയാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ അന്നപൂര്‍ണ സ്റ്റുഡിയോ മാനേജ്‌മെന്റ് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |