
ന്യൂഡല്‍ഹി: ലോണെടുത്ത ശേഷം മുങ്ങിയ കേസില്‍ സാമ്പത്തിക കുറ്റവാളികള്‍ വിവിധ പൊതുമേഖല ബാങ്കുകളില്‍ അടയ്ക്കാനുള്ളത് 58,082 കോടി രൂപ. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. വായ്പയെടുത്ത ശേഷം മുങ്ങിയ 15 വ്യവസായികളില്‍ വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവര്‍ ഉള്‍പ്പെടുന്നു. വെറും 19,187 കോടി രൂപ മാത്രമാണ് ഇതുവരെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. തിരിച്ചുകിട്ടാനുള്ള തുകയില്‍ പലിശ മാത്രം കണക്കാക്കുമ്പോള്‍ 31,437 കോടി രൂപ വരും. മുതല്‍ ഇനത്തില്‍ 26,645 കോടിയാണ് കിട്ടാനുള്ളത്.
ഏറ്റവും കൂടുതല്‍ വായ്പ തട്ടിപ്പ് നടത്തിയിരിക്കുന്നതാകട്ടെ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ആണ്. കമ്പനിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് വ്യാപകമായി തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വിജയ് മല്യയില്‍ നിന്ന് കിട്ടാനുള്ളത് 11,960 കോടി രൂപയാണ്. മറ്റ് ബാങ്കുകള്‍ക്കും വിജയ് മല്യ കോടികള്‍ തിരികെ നല്‍കാനുണ്ട്.
ഫയര്‍സ്റ്റാര്‍, ഡയമണ്ട് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നീരവ് മോദി 7,800 കോടി രൂപയിലധികം തട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 6,799.18 കോടി രൂപയാണ് നീരവ് മോദിയുടെ പേരിലുള്ള ഏറ്റവും വലിയ വായ്പ. 15 വന്‍കിട വായ്പാതട്ടിപ്പുകാരില്‍ നിന്ന് ഇതുവരെ 19,187 കോടി രൂപ മാത്രമേ ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു. 38,895 കോടി രൂപ ഇനിയും കിട്ടാനുണ്ട്.
ലോക്‌സഭയിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം സാമ്പത്തിക കുറ്റവാളികള്‍ രാജ്യംവിടുന്നത് തടയാനുള്ള നടപടികളൊന്നും ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |