ന്യൂഡല്‍ഹി: ജൂലായ് മാസം മുതലാണ് രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. അപ്പോള്‍ മുതല്‍ ബിഎസ്എന്‍എല്ലിന് വെച്ചടി വെച്ചടി കയറ്റമാണ്. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നതിലും കുറഞ്ഞ നിരക്ക് നല്‍കുന്നതാണ് ബിഎസ്എന്‍എല്ലിന്റെ മേന്മ. ഇപ്പോഴിതാ ഒരു ദിവസത്തെ ഫോണ്‍ കോള്‍, ഡാറ്റ ഉപയോഗം എന്നിവയ്ക്ക് വേണ്ടി ചിലവാക്കേണ്ട തുക വെറും 6 രൂപ 66 പൈസ എന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ് പൊതുമേഖല സ്ഥാപനം.
മറ്റ് കമ്പനികളുടെ വാര്‍ഷിക പ്ലാനിന് 3500 രൂപയെങ്കിലും മുടക്കേണ്ട സ്ഥലത്ത് ബിഎസ്എന്‍എല്‍ ഈ സേവനങ്ങള്‍ നല്‍കുന്നത് വെറും 2399 രൂപയ്ക്കാണ്. അതായത് ഒരു ദിവസം ഒരു ചായ കുടിക്കുന്ന ചെലവ് പോലും വരില്ല ഫോണ്‍ ഉപയോഗത്തിന് എന്ന് അര്‍ത്ഥം. അണ്‍ലിമിറ്റഡ് വോയിസ് കോളുകളാണ് പ്ലാനിന്റെ ഭാഗമായി ലഭിക്കുക. ദിവസേന രണ്ട് ജിബി 4ജി ഡാറ്റയും പ്ലാനിന്റെ ഭാഗമായി ലഭിക്കും. ദിവസേന 100 എസ്എംഎസ് സേവനവും പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്.
സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അങ്ങനെയൊരു നീക്കം തങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടെന്ന ബിഎസ്എന്‍എല്‍ മാനേജ്‌മെന്റിന്റെ തീരുമാനമാണ് തകര്‍ച്ചയില്‍ നിന്ന് സ്ഥാപനത്തിനെ കൈപിടിച്ച് ഉയര്‍ത്തിയത്. 3 മാസങ്ങള്‍ക്കിടെ ബിഎസ്എന്‍എല്‍ കേരളത്തില്‍ മാത്രം 1.18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ അധികമായി നേടി. ഒരു ദിവസം ആറ് രൂപയും മാസംതോറും 200 രൂപയില്‍ താഴെ നില്‍ക്കുകയും ചെയ്യുന്ന 2399ന്റെ പ്ലാന്‍ ബിഎസ്എന്‍എല്ലിനെ ജനപ്രിയമാക്കിയെന്നാണ് ട്രായ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഡാറ്റയ്ക്ക് വേഗത കൂട്ടാന്‍ 3ജിയില്‍ നിന്ന് 4ജി സംവിധാനത്തിലേക്ക് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി മാറുന്നതിന് തുടക്കം കുറിച്ചതും ഈ കാലയളവിലാണ്. ജിയോയും എയര്‍ടെല്ലും വോഡഫോണ്‍ - ഐഡിയയും ഒക്കെ ഉപേക്ഷിച്ചവരില്‍ നല്ലൊരു പങ്കും ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയായിരുന്നു. ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായി 54 ലക്ഷം ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറി. എന്നാല്‍ വളര്‍ച്ചാ വേഗത സെപ്റ്റംബറില്‍ 8.4 ലക്ഷമായി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |