കൊല്ലം: ഭാര്യ ഓടിച്ചിരുന്ന കാറിനെ പിന്തുടർന്നെത്തി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പത്മരാജന്റെ മൊഴി പുറത്ത്. ഭാര്യ അനിലയെ കൊലപ്പെടുത്തിയതിൽ യാതൊരു മാനസിക പ്രയാസവുമില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പതിനാലുകാരിയായ മകളെ ഓർത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും പ്രതി മൊഴി നൽകി. സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുൻപ് അനില ബേക്കറി ആരംഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് കൊലപാതകത്തിന് കാരണമായത്. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ പല തവണ പറഞ്ഞെങ്കിലും അനില കേട്ടില്ലെന്നും ഇയാൾ മൊഴി നൽകി.
കഴിഞ്ഞ ദിവസം ബേക്കറിയിൽ വച്ച് ഹനീഷ് തന്നെ മർദിച്ചപ്പോൾ അനില നോക്കിനിൽക്കുകയാണ് ചെയ്‌തത്. പിടിച്ചുമാറ്റാൻ പോലും ശ്രമിച്ചില്ല. ഇത് മനോവിഷമമുണ്ടാക്കിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊല്ലം ചെമ്മാമുക്കിലാണ് അരും കൊല നടന്നത്. ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയിൽ പദ്മരാജൻ ഒമ്‌നിയിൽ കാത്ത് നിന്നു. അനിലയുടെ കൂടെ ഹനീഷ് ഉണ്ടാകുമെന്നായിരുന്നു ഇയാൾ കരുതിയത്. എന്നാൽ കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു അനിലയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.
അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ പ്രതി ഒമ്‌നിയിൽ പിന്തുടർന്നു. ചെമ്മാൻമുക്ക് എത്തിയപ്പോൾ ഒമ്‌നി വാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് ഇടിച്ചു നിറുത്തി. ഒമ്‌നിയിൽ നിന്നിറങ്ങിയ പദ്മരാജൻ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്ളാസ് തകർത്ത ശേഷം പെട്രോൾ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. അനില സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവം കണ്ട ചെറുപ്പക്കാരാണ് പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. പദ്മരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഒമ്‌നി. രണ്ട് വാഹനങ്ങളും പൂർണ്ണമായി കത്തിനശിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓട്ടോയിൽ സ്റ്റേഷനിലെത്തിയാണ് പദ്മരാജൻ കീഴടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |