കേരള മന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു, പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം. ഇതിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പേയാണ് പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം. ഇവിടെയും പ്രതിസ്ഥാനത്തുള്ളത് സഹപാഠികളായ വിദ്യാർത്ഥികളാണ്- അതും, പെൺകുട്ടികൾ. റാഗിംഗ് എന്ന ക്രൂരതയിൽ ആൺ പെൺ ഭേദമില്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
റാഗിംഗിന്റെ പേരിൽ നടക്കുന്ന ശാരീരിക പീഡനങ്ങളെക്കാൾ ക്രൂരമാണ് ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള ഗുരുതര മാനസിക പീഡനങ്ങളെന്ന് പത്തനംതിട്ട സംഭവം വ്യക്തമാക്കുന്നുണ്ട്. എല്ലാ കലാലയങ്ങളിലും റാഗിംഗ് വിരുദ്ധ സമിതികളും, അദ്ധ്യാപകരും രക്ഷകർത്താക്കളും കൂടി ഉൾപ്പെടുന്ന പരിശോധനാ സമിതികളുമുണ്ട്. എന്നിട്ടും തുടരെത്തുടരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്, സംഘബലം വിദ്യാർത്ഥികൾക്ക് എന്തു കാടത്തവും കാട്ടാനുള്ള ധൈര്യം നല്കുന്നതുകൊണ്ടും, കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തതുകൊണ്ടുമാണ്.
ഇത്തരം മനോവൈകൃതങ്ങൾ കോളേജ് വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്നത് മാതാപിതാക്കളുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾക്ക് സ്ഥിരം കൗൺസലിംഗിനുള്ള സംവിധാനം ഏർപ്പെടുത്തണം. വിദ്യാർത്ഥികളുടെ മനോവ്യാപാരങ്ങളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ യഥാസമയം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടാൽ, ക്യാമ്പസിലെ പല ക്രൂരവിനോദങ്ങളും ഒഴിവാക്കാനാവും.
രാമകൃഷ്ണൻ
ഇരട്ടയാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |