തൃശൂർ: കലാമണ്ഡലത്തിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ 1.5 കോടിരൂപ അഡിഷണൽ ഗ്രാന്റ് സർക്കാർ ഈ മാസം അനുവദിച്ചേക്കും. ശമ്പളം കൊടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് 132 താത്കാലിക ജീവനക്കാരെ നവംബർ 30ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് വൈകാതെ പ്രശ്‌നം പരിഹരിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകി.
തുടർന്ന് 1.5 കോടി അഡിഷണൽ ഗ്രാന്റ് ആവശ്യപ്പെട്ട് വൈസ് ചാൻസലർ കൊടുത്ത നിവേദനം അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി ധനവകുപ്പിന് കൈമാറി. ഡിസംബറിൽ തുക നൽകണമെന്നാണ് നിർദ്ദേശം. നവംബറിലെ ശമ്പളം നൽകാൻ 90 ലക്ഷമാണ് വേണ്ടത്. 50 ലക്ഷമേ കിട്ടിയിട്ടുള്ളൂ. മന്ത്രി ഇടപെട്ടതിനെ തുടർന്ന് തുക വൈകില്ലെന്നാണ് പ്രതീക്ഷ.
പ്രതിവർഷം 7.75 കോടിയാണ് ഗ്രാന്റ് ലഭിക്കാറുള്ളത്.
ഇത് തികയാത്തതിനെ തുടർന്ന് കലാമണ്ഡലം അധികൃതർ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അധികഗ്രാന്റ് വാങ്ങിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം മൂന്ന് കോടിയോളം അധികഗ്രാന്റ് കിട്ടിയിരുന്നു.
അതേസമയം തനത് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളും കലാമണ്ഡലം നടത്തുന്നുണ്ട്. വിദേശത്ത് ഉൾപ്പെടെ കൂടുതൽ പരിപാടികൾ കണ്ടെത്താനാണ് ശ്രമം.
വിദേശികൾക്കായി കൊച്ചിയിൽ കേന്ദ്രം
കലാമണ്ഡലത്തിന്റെ ഒരു കേന്ദ്രം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ച് വിദേശികൾക്കായി കൂടുതൽ പരിപാടികൾ നടത്താൻ ആലോചനയുണ്ട്. കൂടുതൽ ജോലി സാദ്ധ്യതയുള്ള തരത്തിൽ കോഴ്‌സുകൾ പരിഷ്‌കരിക്കാനും ആലോചിക്കുന്നു. കഥകളി ഉൾപ്പെടെ പുറംവേദികളിൽ അവതരിപ്പിക്കുന്ന പരിപാടികളിലൂടെ വർഷത്തിൽ 50 ലക്ഷത്തോളവും കൂത്തമ്പലം വാടകയ്ക്ക് കൊടുക്കുന്നതിലൂടെ കിട്ടുന്ന ചെറിയ തുകയുമാണ് ഇപ്പോഴത്തെ തനത് വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |