ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാടിനെ കൈപിടിച്ചുയർത്താൻ ബാദ്ധ്യസ്ഥമാണെന്നും, പക്ഷേ, ദുരന്തം ഉണ്ടായി മൂന്നര മാസത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ 2219.033 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
വയനാട് എം.പി പ്രിയങ്കാ ഗാന്ധിക്ക്കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ അമിത് ഷായുടെ കത്തിലാണ് കുറ്റപ്പെടുത്തൽ.
വയനാട്ടുകാരുടെ ജീവിതം തിരിച്ചുപിടിക്കുന്നതിലും വീടുകൾ സ്‌കൂളുകൾ, റോഡുകൾ, കുട്ടികളുടെ ഭാവി തുടങ്ങിയ കാര്യങ്ങളിലും സഹായമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതാണ്. പ്രധാനമന്ത്രിയുടെ ഉറപ്പിനനുസരിച്ച് കണക്കുകൾ നൽകാൻ സംസ്ഥാന സർക്കാർ വൈകി. മൂന്നര മാസത്തിന് ശേഷം നൽകിയ എസ്‌റ്റിമേറ്റ് ലഭിച്ചയുടൻ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന് രൂപം നൽകി. ഈ സംഘത്തിന്റെ വിലയിരുത്തൽ റിപ്പോർട്ട് അനുസരിച്ച് പുനഃനിർമ്മാണത്തിന് സഹായം ലഭ്യമാക്കുമെന്നും അമിത് ഷാ അറിയിച്ചു.
സംസ്ഥാന സർക്കാർ ആഗസ്റ്റ് 19ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള 36 കോടി രൂപ അടക്കം എൻ.ഡി.ആർ.എഫിന് കീഴിൽ 214.68 കോടി രൂപയുടെ താത്‌കാലിക സഹായം തേടിയിരുന്നു. ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153.47 കോടി രൂപ അന്ന് അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.
പ്രിയങ്ക അടക്കം 23 കേരള എം.പിമാരുടെ സംഘം കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ട് വയനാടിനുള്ള സഹായം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് അമിത് ഷാ നൽകിയത്.
റിപ്പോർട്ട് വൈകിയില്ലെന്ന് മന്ത്രി രാജൻ
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകുന്നത് കേരളം വൈകിച്ചുവെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശം വാസ്തവവിരുദ്ധമെന്ന് റവന്യൂമന്ത്രി കെ.രാജൻ. കേന്ദ്രസംഘത്തിന്റെ ആവശ്യപ്രകാരം യഥാസമയം റിപ്പോർട്ട് നൽകിയിരുന്നു. പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസെസ്മെന്റ് (പി.ഡിഎൻ.എ) പ്രകാരം 1202 രൂപയുടെ നഷ്ടപരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി പ്രൊഫ.കെ.വി തോമസ് നിരന്തരം കേന്ദ്രമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടിട്ടുമുണ്ട്. കടങ്ങൾ എഴുതി തള്ളുകയെന്ന പ്രധാന ആവശ്യം പോലും അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും രാജൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |