തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ സ്ഥിരനിയമനത്തിനുള്ള അനാവശ്യ നിയന്ത്രണം ഒഴിവാക്കണമെന്ന് കേരള എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫാ. വർക്കി ആറ്റുപുറത്ത്, സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു. ഭിന്നശേഷിസംവരണം പാലിക്കാൻ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറാണ്.
ഭിന്നശേഷി സംവരണം പാലിച്ചില്ലെങ്കിൽ 2021 നവംബർ എട്ടിന് ശേഷമുള്ള മറ്റു നിയമനങ്ങൾ ദിവസവേതനാടിസ്ഥാനത്തിൽ മാത്രമേ പാടൂള്ളൂ എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഇല്ലെങ്കിൽ, കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ എയ്ഡഡ് ഹൈസ്‌കൂളുകളിൽ നടന്ന റെഗുലർ നിയമന ഉത്തരവുകൾ മടക്കണമെന്നും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ദിവസവേതനത്തിൽ നിയമിതരാവുകയും അംഗീകാരം നേടുകയും ചെയ്യുന്നവർക്ക് ഭിന്നശേഷിസംവരണം പാലിച്ചുകഴിയുമ്പോൾ ശമ്പള സ്‌കെയിലിൽ സ്ഥിരാംഗീകാരം നൽകാമെന്ന് ഉത്തരവിലില്ല.
കഴിഞ്ഞ നവംബർ 30ലെ ഉത്തരവ് മുൻകാല പ്രാബല്യത്തോടെയാണ് ഇറക്കിയിരിക്കുന്നത്. 2021 മുതൽ സ്ഥിരമൊഴിവുകളിലെ നിയമനങ്ങൾ റദ്ദുചെയ്ത് ദിവസവേതനത്തിൽ മാറ്റിനൽകണം. ഇതിനോടകം അംഗീകാരം ലഭിച്ചവരുടെ നിയമനം പിൻവലിക്കേണ്ടതില്ലെന്നറിയുന്നു. ഒരേ കാലയളവിൽ നിയമിതരായവരിൽ അംഗീകാരം കിട്ടിയവർക്ക് ഒരു നീതി, കിട്ടാത്തവർക്ക് മറ്റൊരു നീതിയെന്ന അവസ്ഥയാണുള്ളത്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ ആവശ്യപ്പെട്ടിട്ടും പത്രപരസ്യം നൽകിയിട്ടും ആവശ്യത്തിന് ഭിന്നശേഷിക്കാരെ ലഭിക്കുന്നില്ല. ഭിന്നശേഷിസംവരണം പൂർത്തീകരിച്ചിട്ടെ സ്ഥിരനിയമനവും സ്ഥിരാംഗീകാരവും പാടുള്ളൂ എങ്കിൽ എയ്ഡഡ് സ്‌കൂളുകളിൽ സ്ഥിരനിയമനം നടക്കില്ല. സർക്കാർ വിഷയത്തിന്റെ ഗൗരവം മനസിലാക്കി കോടതിയിൽ അവതരിപ്പിച്ചിട്ടില്ല. സ്ഥിരമൊഴിവുകളിൽ നിയമനം നടത്താനനുവദിച്ച് സ്ഥിരാംഗീകാരം നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |