SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.10 PM IST

മകളെ കെട്ടിത്തൂക്കി കൊന്നതെന്ന് പിതാവ്, നവവധുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ

Increase Font Size Decrease Font Size Print Page
indhuja

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ (25) ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തൽ. കണ്ണിന് സമീപത്തായും ശരീരത്തിൽ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റതിന് സമാനമായ പാടുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു.

പാലോട് കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജയെ ഇന്നലെ ഉച്ചക്കാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്തിന്റെ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ​ മൂന്ന്​ ​മാ​സം​ ​മു​മ്പ് ​ഇന്ദുജയെ അഭിജിത്ത് വീ​ട്ടി​ൽ​ ​നി​ന്നും​ ​വി​ളി​ച്ചി​റ​ക്കി കൊണ്ടുപോയി​ ​അ​മ്പ​ല​ത്തി​ൽ​ ​വച്ച് കല്യാണം കഴിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്‌ച ഇന്ദുജ വീട്ടിൽ വന്നപ്പോൾ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. മകളെ അഭിജിത്ത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നതാണ്. കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണം. പഠിപ്പിച്ച് മകളെ നല്ല രീതിയിലാണ് വളർത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത്ത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടിൽ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഇന്ദുജയ്ക്ക് വീട്ടിൽ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേർന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് ആരോപിക്കുന്നു.

ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരൻ ഷിനു പറയുന്നു. 'അഭിജിത്തിന്റെ വീട്ടിലേയ്ക്ക് പോയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ വീട്ടിൽ അറിയിക്കുമായിരുന്നു. കുടുംബത്തിന് പല കാര്യങ്ങളിലും സംശയമുണ്ട്. ഇതിലും വലിയ പ്രശ്നങ്ങൾ ചേച്ചി മറികടന്നിട്ടുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഞങ്ങൾ അങ്ങോട്ട് ചെല്ലുന്നതും ചേച്ചി ഇങ്ങോട്ട് വരുന്നതും അവർക്ക് ഇഷ്ടമില്ലായിരുന്നു'- ഷിനു പറഞ്ഞു.

ഇന്ദുജയെ അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിൽ ജനലിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉച്ചയ്ക്ക് ചോറ് കഴിക്കാനായി അഭിജിത്ത് വീട്ടിലെത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് പറയുന്നത്. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ദുജയുടെ മരണത്തിൽ ഭർത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്.

TAGS: CASE DIARY, NEWLYWED, INDHUJA, PALODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY