ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ കാലം മുതൽ പൊന്നാനിയിൽ പോകുന്നില്ലേ എന്ന് എതിരാളികളുടെ കളിയാക്കിയുളള ചോദ്യത്തിന് ഉത്തരവുമായി സന്ദീപ് വാര്യർ. ഇന്നുതാൻ പോകുന്നുണ്ടെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എംപി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർത്ഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
'കോൺഗ്രസിൽ ചേർന്നത് മുതൽ മിത്രോംസ് ചോദിക്കുന്നത് പൊന്നാനിയിൽ പോകുന്നില്ലേ എന്നാണ്. ഒടുവിൽ ആ ചോദ്യത്തിന് ഒരു ഉത്തരമായിരിക്കുന്നു . പൊന്നാനിയിൽ ഇന്ന് പോകുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എംപി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തും.സ്വാമിയേ ശരണമയ്യപ്പ...'
അതേസമയം, സന്ദീപിന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുമെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെ സന്ദീപിനെ പാർട്ടി കൈവിടില്ലെന്ന് കെ മുരളീധരനും പറഞ്ഞിരുന്നു. 'സന്ദീപ് വാര്യർക്ക് തീർച്ചയായും ഒരു സ്ഥാനം കോൺഗ്രസിൽ ഉണ്ടാകും. അതെന്തായിരിക്കുമെന്ന് ഹൈക്കമാന്റ് തീരുമാനിക്കും. സന്ദീപ് വാര്യരുടെ വരവ് പാർട്ടിക്ക് ഊർജം നൽകി. അതിലൊരു പ്രയോറിറ്റി സന്ദീപ് വാര്യർക്കുണ്ട് . നിലവിലുള്ള ആളുകളെ തഴയും എന്ന് അതിന് അർത്ഥമില്ല. ചർച്ചകൾ ആരംഭിച്ചതേ ഉള്ളൂ' എന്നാണ് മുരളീധരൻ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സന്ദീപ് വാര്യർ കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. സംഘടനാ ഭാരവാഹിത്വവും മത്സരിക്കാൻ സീറ്റും സന്ദീപ് വാര്യർ പാർട്ടിയിലേയ്ക്ക് വന്ന സമയത്തുതന്നെ കോൺഗ്രസ് ഉറപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുനഃസംഘടനാ സമയത്ത് സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് പാർട്ടിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ.ഒരുപക്ഷേ പുനഃസംഘടനവരെ കാത്തുനിൽക്കാതെ അതിനുമുമ്പുതന്നെ പദവി നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു സന്ദീപ് കോൺഗ്രസിലേക്ക് എത്തിയത്. ബിജെപിയുമായുള്ള ചില പ്രശ്നങ്ങളെത്തുടർന്നായിരുന്നു ഇത്. ബിജെപി വെറുപ്പ് മാത്ര ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ തകർപ്പൻ വിജയത്തിൽ സന്ദീപ് വാര്യരുടെ സാന്നിധ്യം സഹായകമായെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ മാന്യമായ സ്ഥാനം നൽകാനാണ് പാർട്ടിയുടെ തീരുമാനവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |