തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ടവിലയിൽ വർദ്ധനവ്. ഒരു മുട്ടയ്ക്ക് 25 പൈസയാണ് വർദ്ധിച്ചത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മുട്ടയുടെ ഉപയോഗം വർദ്ധിച്ചതാണ് വിലകൂടിയതിന് കാരണം. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കേരളത്തിൽ കൂടുതലായി മുട്ട ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുട്ടയുടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. വില കൂടാൻ ഇതും ഒരു പ്രധാന കാരണമാണ്.
തമിഴ്നാട്ടിൽ ഒരു മുട്ടയുടെ വില 5.65 രൂപയാണ്. ഇതാണ് 5.90 രൂപയായി വർദ്ധിച്ചത്. കേരളത്തിൽ 6.90 രൂപ മുതലാണ് മുട്ടയുടെ വ്യാപാരം നടക്കുന്നത്. ഇത് കൂടാതെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മുട്ട ഇറക്കുമതി ചെയ്യുമ്പോൾ കയറ്റിറക്കുകൂലി, വാഹനചെലവ്, ഏജന്റുമാരുടെ ലാഭം തുടങ്ങിയവയെല്ലാം ആശ്രയിച്ചിരിക്കും. പ്രതിദിനം 50 ലക്ഷത്തിലധികം മുട്ടയാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവുമധികം മുട്ടകൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. കൂടാതെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ സംസ്ഥാന സർക്കാർ മുട്ടയ്ക്ക് എൻട്രി ഫീസും ഏർപ്പെടുത്തിയിരുന്നു. ഒരു മുട്ടയ്ക്ക് രണ്ട് പൈസ എന്ന നിരക്കിലാണ് ഫീസ് ഏർപ്പെടുത്തിയത്.
അതേസമയം, കാലാവസ്ഥാവ്യതിയാനം കൊണ്ടുളള ഉൽപ്പാദനക്കുറവും കയറ്റുമതി കൂടിയതുമാണ് മുട്ടവില വർദ്ധിക്കാൻ കാരണമായതെന്നാണ് ദേശീയ മുട്ട ഉൽപ്പാദന സംഘം ഭാരവാഹികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |