തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേയും ഈ വർഷത്തേയും പ്രളയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല, കേരളത്തിൽ വരും വർഷങ്ങളിൽ മഹാമാരിയും വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും ആവർത്തിക്കാം. കൃത്യമായ ഇടവേളകളിലെ ചെറുമഴകൾക്കു പകരം നാശം വിതയ്‌ക്കുന്ന കൂറ്രൻ മഴ പെയ്യുന്ന പ്രതിഭാസം ആവർത്തിക്കുമെന്ന് സെസ് ഉൾപ്പെടെ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം മാറ്റിയല്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനം കാരണമാണ് മഴയുടെ രീതി മാറുന്നതെന്ന് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് (ജി.ആർ.എസ്) എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഡോ.രാജീവൻ മാധവൻ നായരുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
ചെറിയ ഇടവേളകളിൽ വലിയ മഴ പെയ്യുന്നതാണ് വലിയ മാറ്റം. അതേസമയം ഒരു വർഷത്തെ മൊത്തം മഴയുടെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയുമില്ല. മനുഷ്യനും കൃഷിക്കുമെല്ലാം നല്ലത് ചെറിയ മഴയാണ്. ഒരാഴ്‌ച പെയ്യേണ്ട മഴ രണ്ടോ മൂന്നോ ദിവസം കൊണ്ട് ലഭിക്കുമ്പോൾ പുഴകൾ കവിഞ്ഞൊഴുകും, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകും. കഴിഞ്ഞവർഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ആവർത്തനമായിരുന്നു ഇത്തവണ. ഇത് എല്ലാ വർഷവും ആവർത്തിക്കാമെന്ന് ഗവേഷകർ സംശയിക്കുന്നു.
അറബിക്കടലിൽ ഇടയ്‌ക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് കാരണം ചൂട് കൂടുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അറബിക്കടലിന്റെ ചൂടു കൂടുന്നതും മഴയുടെ ലഭ്യതയെ സ്വാധീനിച്ചിട്ടുണ്ട്. ഈ വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ അറബിക്കടലിൽ 140 വർഷത്തെ ഏറ്റവും കൂടിയ ചൂടാണ് ഉണ്ടായതെന്ന് അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കൻ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ (എൻ.ഒ.എ.എ.) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തിൽ അറബിക്കടലിലെ ഉയർന്ന ചൂടിനും പങ്കുണ്ടെന്നാണ് ഗവേഷകരുടെ സംശയം. ചൂടുകൂടുന്തോറും സമുദ്രജലത്തിന്റെ ബാഷ്പീകരണം കൂടുന്നത് കൂടുതൽ മഴമേഘങ്ങൾ രൂപപ്പെട്ട് ശക്തമായ മഴയ്‌ക്ക് കാരണമാവും. ജൂലായിൽ റെക്കാഡ് ചൂട് രേഖപ്പെടുത്തിയ ചൈന, മ്യാൻമർ ഭാഗങ്ങളിൽ ആഗസ്റ്റിൽ കനത്ത മഴയും പ്രളയവും ഉണ്ടായി. ഈ പഠന റിപ്പോർട്ട് സെസിലെ ശാസ്ത്രജ്ഞരും ശരിവയ്‌ക്കുന്നു.
മുൻ കരുതലുകൾ
നിർമ്മാണങ്ങൾ പരിസ്ഥിതിക്ക് അനുകൂലമാക്കുക
നദികൾക്കെല്ലാം ഇരുകരകളിലും സ്വാഭാവിക ഫ്ലഡ് ലൈൻ ( വെള്ളപ്പൊക്ക ലെവൽ ) ഉണ്ട്. ആ മേഖലയിൽ കൈയേറ്റവും നിർമ്മാണങ്ങളും ഒഴിവാക്കി അതിനെ സംരക്ഷിക്കുക
പരിസ്ഥിതി ദുർബല പ്രദേശങ്ങളെ പൂർവ ആവാസ്ഥ വ്യവസ്ഥയിലേക്കു മടക്കിക്കൊണ്ടു വരിക.
താഴ്ന്ന പ്രദേശങ്ങളിൽ കാലുയർത്തിയ വീടുകൾ മാത്രം നിർമ്മിക്കുക
പ്രളയത്തിൽ നദികളിലേക്ക് ഒഴുകിയെത്തുന്ന മണലും എക്കലും ശാസ്ത്രീമായി നീക്കം ചെയ്യുക
''കാലാവസ്ഥാ വ്യതിയാനം ഒരുയാഥാർത്ഥ്യമായി കണ്ട് മനുഷ്യനന്മയ്ക്കായി കൂടുതൽ പഠനം വേണം. അതനുസരിച്ച് മലയാളികളുടെ ചിന്താഗതി മാറണം.''- ഡോ.വി.നന്ദകുമാർ, ശാസ്ത്രജ്ഞൻ, സെസ്
പരിസ്ഥിതിയെ വല്ലാതെ ദ്രോഹിച്ച് മനുഷ്യന് അധികനാൾ കഴിയാൻ സാദ്ധ്യമല്ല. ആവാസ്ഥവ്യവസ്ഥയെ നമ്മൾ അറിയണം. അതിന്റെ രോദനം കേട്ടേ പറ്റൂ''-
ഡോ.ഡി.പദ്മലാൽ, ശാസ്ത്രജ്ഞൻ, സെസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |