ചെന്നൈ: മുട്ട വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് തമിഴ്‌നാട്ടിലെ നാമക്കല്‍. പ്രതിദിനം 40 ലക്ഷം മുട്ടകളാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും ഇതിന് പുറമേ ഗള്‍ഫ് രാജ്യങ്ങളിലേക്കും നാമക്കല്ലില്‍ നിന്ന് കയറ്റുമതി നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ സംഖ്യ 40 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. മുട്ട കയറ്റുമതിക്കാരുടെ അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നാമക്കല്ലില്‍ തുടര്‍ച്ചയായി മുട്ടയ്ക്ക് വില കൂടിയതോടെയാണ് കയറ്റുമതിയെ ഇത് സാരമായി തന്നെ ബാധിച്ചത്. ആയിരത്തില്‍ അധികം കോഴി ഫാമുകളില്‍ നിന്ന് ആറ് കോടിയില്‍ അധികം മുട്ടകളാണ് നാമക്കല്ലില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. നാമക്കല്ലിലെ മൊത്ത വ്യാപര വില 5.90 ആണ്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയുമാണ്. പ്രാദേശികമായി നല്ല വില കിട്ടാന്‍ തുടങ്ങിയതോടെ കയറ്റുമതിക്ക് ആവശ്യത്തിന് മുട്ട ലഭിക്കാത്ത സാഹചര്യമുണ്ടായതാണ് എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നില്‍.
നവംബര്‍ ആദ്യ വാരം മുതല്‍ തന്നെ പ്രാദേശികമായി മൊത്ത വ്യാപാര വില കൂടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നത് നാമക്കല്ലിലെ കോഴിഫാം ഉടമകളും കയറ്റുമതിക്കാരുമാണ്. ചില്ലറ വ്യാപാര വില മിക്ക സ്ഥലങ്ങളിലും ഏഴ് രൂപയും അതിന് മുകളിലുമാണ്. നാമക്കലില്‍ വിലകുറഞ്ഞാല്‍ മാത്രമേ മുട്ടയുടെ കയറ്റുമതി കൂടുകയുള്ളൂവെന്ന് മുട്ട കയറ്റുമതിക്കാരുടെ അസോസിയേഷന്‍ പ്രസിഡന്റ് പന്നീര്‍ശെല്‍വം പറഞ്ഞു. ക്രിസ്മസ്-പുതുവര്‍ഷം വരെ വിലകുറയാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |