ഏറെ സാദ്ധ്യതയുള്ള ജോലിയാണ് എയർട്രാഫിക് കൺട്രോളർ. സുരക്ഷിതവും സുഗമവുമായ വ്യോമയാന സിസ്റ്റം നടപ്പിലാക്കുകയാണ് എയർട്രാഫിക് കൺട്രോളറുടെ തൊഴിൽ. വിമാനങ്ങളുടെ ടേക്ക് ഓഫ്, പറക്കൽ, ലാൻഡിംഗ് എന്നിവ പൈലറ്റുമായും കൺട്രോൾ സിസ്റ്റവുമായും നെറ്റ്‌വർക്ക് ചെയ്യുക എന്നതാണ് എയർ ട്രാഫിക് കൺട്രോളറുടെ ചുമതല. ഏവിയേഷൻ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻസ്, റേഡിയോ എൻജിനിയറിംഗ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ മികച്ച സ്‌കോറോടുകൂടി പൂർത്തിയാക്കുന്നവർക്ക് മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം എയർ ട്രാഫിക് കൺട്രോളറാകാം. 30 വയസ്സാണ് ഉയർന്ന പ്രായപരിധി. കാഴ്ചശക്തി 20/ 20 ഉണ്ടായിരിക്കണം.
പ്രവേശന പരീക്ഷയിൽ English Language, General Intelligence/ Reasoning, General aptitude/Numerical Aptitude, and General Knowledge/ Awareness എന്നീ നാലു വിഭാഗത്തിൽനിന്നായി ചോദ്യങ്ങളുണ്ടാകും. ഭാഷാ പ്രാവീണ്യം, വോയിസ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനൽ സെലക്ഷൻ.
ഇന്ത്യയിൽ പ്രതിവർഷം 15 ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്ന തൊഴിലാണിത്.
കോഴ്സുകൾ എവിടെ പഠിക്കാം
...............................
എയർ ട്രാഫിക് കൺട്രോളറാകാൻ ഈ മേഖലയിൽ കോഴ്‌സ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട് . ഇവിടെ നിന്ന് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് വേഗം പ്രവേശന പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കും.
ഐ.ഐ.ടി ഖരഗ്പൂർ, ബിറ്റ്‌സ് പിലാനി, വി.ഐ.ടി, ഐസ്സർ-പുണെ എന്നിവിടങ്ങളിൽ എയർട്രാഫിക് കൺട്രോളർ നിയമനത്തിന് യോജിച്ച കോഴ്‌സുകളുണ്ട്.
ഫ്‌ളോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി, ടെക്‌സസ് സ്റ്റേറ്റ് ടെക്‌നിക്കൽ കോളേജ്, ലേവിസ് യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി വിദേശ സർവകലാശാലകളിൽ എയർ ട്രാഫിക് കൺട്രോളർ പ്രോഗ്രാമുകളുണ്ട്.
വിദേശ സർവകലാശാലകളിൽ എയർ ട്രാഫിക് കൺട്രോൾ മാനേജ്മന്റ് കോഴ്‌സുകളുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്കും ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ന്യൂസിലാൻഡ്, യു.കെ, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ മികച്ച എയർ ട്രാഫിക് കൺട്രോൾ കോഴ്‌സ് നടത്തുന്ന സർവകലാശാലകളുണ്ട്. സർട്ടിഫിക്കേഷൻ പ്രക്രിയ വിവിധ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഓരോ രാജ്യത്തിന്റെയും വ്യോമയാന മന്ത്രാലയത്തിനു കീഴിലാണ് സർട്ടിഫിക്കേഷൻ അതോറിട്ടികൾ പ്രവർത്തിക്കുന്നത്.
ഓർമിക്കാൻ...
1. യു.ജി.സി നെറ്റ്:- യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് ഇന്നു രാത്രി 11.50 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ugcnet.nta.ac.in.
2. നാഷണൽ മിറ്റീരിയോളജിക്കൽ ഒളിമ്പ്യാഡ്:- എട്ട്, ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംഘടിപ്പിക്കുന്ന നാഷണൽ മിറ്റീരിയോളജിക്കൽ ഒളിമ്പ്യാഡിന് ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: mausam.imd.gov.in/met-oly.
ക്ലാറ്റ് ഫലം
ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം ലാ കോളേജ് പ്രവേശനത്തിനായി നടത്തിയ കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് - CLAT 2025 ഫലം പ്രഖ്യാപിച്ചു. വെബ്സൈറ്റ്: consortiumofnlus.ac.in.
വിദ്യാഭ്യാസ സ്കോളർഷിപ്പ് : ഡിസംബർ 31 വരെ അപേക്ഷിക്കാം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭാസ സ്കോളർഷിപ്പിനായി ( ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി തുടങ്ങിയവ) ഡിസംബർ 31 വരെ www.tailorwelfare.inൽ അപേക്ഷിക്കാം. ഫോൺ: 0471- 2556895.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |