അപകട ദിവസം വണ്ടിയോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ വാദം തെറ്റൊണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. അപകട ശേഷം ആശുപത്രിയിലെത്തിയ ബാലുവിന്റെ സുഹൃത്തുക്കളോട് അർജുൻ തെറ്റ് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറഞ്ഞ് കരഞ്ഞതായും ലക്ഷ്മി പറഞ്ഞു. അർജുനെതിരെ മുൻപുണ്ടായിരുന്ന കേസുകൾ ബാലഭാസ്‌കറിനറിയാമായിരുന്നെന്ന് ലക്ഷ്മി വെളിപ്പെടുത്തി. ഒരു കേസിൽപെട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണെന്ന് അർജുൻ ബാലുവിനോട് പറഞ്ഞു. സഹായിക്കാമെന്ന് കരുതിയാണ് അർജുനെ ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ബാലുവിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല അർജുനെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല. അപകടത്തിനു പിന്നിൽ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിൽ താൻ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. താനുൾപ്പെടെ സഞ്ചരിച്ച ബാലഭാസ്‌കറിന്റെ കാർ ആരും ആക്രമിച്ചിട്ടില്ലെന്നും, അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നെന്നും ലക്ഷ്‌മി വ്യക്തമാക്കി.
ലക്ഷ്‌മിയുടെ വാക്കുകൾ-
''പലതവണ എന്റെ ബോധം വന്നു പോയിരുന്നുവെന്ന് പറയുന്നുണ്ട്. പക്ഷേ, അതൊന്നും എനിക്ക് ഓർമ്മ ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഓർത്ത് പറയാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. എഴുന്നേറ്റിരിക്കാൻ ശ്രമിച്ച സമയത്ത് എന്റെ കൈയും കാലുമൊന്നും അനങ്ങുന്നുണ്ടായിരുന്നില്ല. എന്നോട് ആദ്യം നഴ്‌സുമാർ പറഞ്ഞ മറുപടി എല്ലാവരും പുറത്തുണ്ട് എന്നാണ്. ബാലുവിനെയാണ് ആദ്യം ഞാൻ അന്വേഷിച്ചത്.
പിന്നെ, ബ്രെയിൻ ഇഞ്ച്വറി ആയിരുന്നല്ലോ. അതുകൊണ്ടായിരിക്കാം, പാരലൽ വേൾഡിൽ ഞാൻ ബാലുവിനോട് സംസാരിക്കുന്നുണ്ടായിരുന്നു, കാണുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ലോകമുണ്ടായിരുന്നു. അങ്ങനെയെല്ലാം തോന്നി. മാസങ്ങളോളം അത് തുടർന്നു. ഒടുവിൽ ഞാൻ തന്നെ പേടിക്കാൻ തുടങ്ങി. ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |