കൊല്ലം: പാർട്ടി ഓഫീസ് മാർച്ചും നേതാക്കളെ സമ്മേളന ഹാളിൽ പൂട്ടിയിട്ടതുമടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയ സി.പി.എം കരുനാഗപ്പള്ളി ഏരിയയിലെ വിഭാഗീയതിൽ രണ്ട് നേതാക്കളെ പ്രതിസ്ഥാനത്ത് നിറുത്തി കൊല്ലം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ട്. കരുനാഗപ്പള്ളിയിലേത് വിഭാഗീയതയല്ലെന്നും രണ്ട് നേതാക്കളുടെ നേതൃത്വത്തിലുള്ള ചേരികൾ തമ്മിലുള്ള പ്രശ്നമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കരുനാഗപ്പള്ളിയിൽ ലോക്കൽ സമ്മേളനത്തിനിടെ അരങ്ങേറിയ സംഭവങ്ങൾ പാർട്ടിക്കാകെ നാണക്കേടുണ്ടാക്കി. സംസ്ഥാന സെക്രട്ടറിയെത്തി കർശന താക്കീത് നൽകിയിട്ടും നേതാക്കൾ ചെവിക്കൊണ്ടില്ല. നേതാക്കൾ പാർട്ടി പ്രവർത്തകരെ ഇളക്കിവിടുകയായിരുന്നു. ഇക്കാര്യം ബോദ്ധ്യപ്പെട്ടതോടെയാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
നേതാക്കൾക്ക്
മറ്റൊരു നീതി
എം.എൽ.എയായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എം.എൽ.എയാണ്. എന്നാൽ അടിത്തട്ടിലെ പാർട്ടി പ്രവർത്തകൻ പഞ്ചായത്ത് പ്രസിഡന്റോ സഹകരണ ബാങ്ക് പ്രസിഡന്റോ ആയാൽ പാർട്ടിയിൽ സുപ്രധാന ചുമതലകൾ നിഷേധിക്കുന്നത് ഇരട്ട നീതിയാണെന്ന് പൊതു ചർച്ചയിൽ പുനലൂരിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു. യെച്ചൂരി അന്തരിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താൻ കഴിയാഞ്ഞത് നാണക്കേടാണെന്ന് കടയ്ക്കലിൽ നിന്നുള്ള പ്രതിനിധി തുറന്നടിച്ചു. ദേശീയതലത്തിൽ പാർട്ടിയുടെ അടവ് നയങ്ങളാകെ പാളുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്തെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ ചടയമംഗലത്ത് നിന്നുള്ള പ്രതിനിധി ആഞ്ഞടിച്ചു. പാർട്ടി പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകാത്ത സ്ഥാനാർത്ഥിയായിരുന്നു. വല്ലാത്ത ബുദ്ധിമുട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അദ്ദേഹം ഉണ്ടാക്കിയത്. പാർട്ടി മെമ്പർഷിപ്പിലുള്ള ഒരാളെപ്പോലും കണ്ടെത്താനായില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതിരൂക്ഷമായ ആരോപണങ്ങൾ മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തുമ്പോൾ മുഖ്യമന്ത്രി പുലർത്തുന്ന മൗനം പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നു. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. പ്രകാശ് ജാവേദ്കറുമായി കൂട്ടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ശക്തമായ നടപടി ഉണ്ടാകാത്തത് കൂടിക്കാഴ്ച പാർട്ടി അറിഞ്ഞാണെന്ന സംശയം ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ചിഹ്നം നഷ്ടപ്പെട്ടാൽ മരപ്പെട്ടി, ഈനാംപേച്ചി തുടങ്ങിയ ചിഹ്നങ്ങളിൽ വോട്ട് ചെയ്യേണ്ടി വരുമെന്ന കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രസംഗം പാർട്ടിക്കാകെ ക്ഷീണം സൃഷ്ടിച്ചു. നേതാക്ക ൾ വായിൽ തോന്നുതെല്ലാം വിളിച്ചുപറയുന്ന അവസ്ഥയാണെന്ന വിമർശനവും ഉയർന്നു. ഇന്നും ചർച്ച തുടരും.
ഇടതു സർക്കാരിനെ തകർക്കാൻ പ്രതിപക്ഷ ശ്രമം: ബേബി
വിമോചനസമര മാതൃകയിൽ വർഗീയ ശക്തികളുടെ സഹായത്തോടെ യു.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടായി കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്രചാരണങ്ങൾ അതിജീവിച്ച് സീറ്റുകൾ വർദ്ധിപ്പിച്ചാണ് പിണറായിയുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് തുടർഭരണം നേടിയത്. അന്ന് പ്രതിലോമ ശക്തികളെടുത്ത തീരുമാനമാണ് ഇപ്പോൾ നടക്കുന്നത്. തടസങ്ങൾ സൃഷ്ടിക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പരമാവധി ശ്രമിക്കുമ്പോൾ കോൺഗ്രസ് അതുമായി സഹകരിക്കുകയാണ്. അതേസമയം, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ് രാജ്യത്തോടും ഭരണഘടനയോടും കൊലച്ചതി ചെയ്തിട്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് എം.എ.ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |