മുംബയ് പൊലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ‌്ത നടനാണ് നിഹാൽ പിള്ള. കൂടാതെ പൃഥ്വിയുടെ ബന്ധു കൂടിയാണ് നിഹാൽ. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമയുടെ സഹോദരി പ്രിയാ മോഹനെയാണ് നിഹാൽ വിവാഹം കഴിച്ചിരിക്കുന്നത്. മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മൂന്ന് വർഷം മുമ്പ് തങ്ങൾ ഇരുവരും വിവാഹമോചനത്തിന്റെ വക്കിൽ ആയിരുന്നുവെന്ന് പറയുകയാണ് താരദമ്പതികൾ. അന്ന് ഇടപെട്ടത് ഇന്ദ്രജിത്തും പൂർണിമയും ആയിരുന്നു. ഫ്രസ്‌ട്രേഷനും എടുത്ത് ചാട്ടവും കൊണ്ട് സംഭവിച്ച ജീവിതത്തിലെ ഒരു ഏടിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും മനസ് തുറന്നത്.
''മൂന്നു വർഷം മുമ്പ് ഞങ്ങൾക്കിടയിൽ വലിയ വഴക്ക് നടന്നു. മിഡ് ലൈഫ് ക്രൈസിസാണെന്ന് പറയാം. വക്കീലൻമാരെ വരെ കണ്ടു. എടുത്തു പറയാൻ കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്‌ട്രേഷനും എടുത്തുചാട്ടവുമായിരുന്നു. അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടിയായിരിക്കും. മകൻ ജനിച്ച സമയത്തായിരുന്നു പ്രശ്നങ്ങൾ. അന്ന് കുടുംബങ്ങൾ ഇടപെട്ടത് കൊണ്ടാണ് പെട്ടെന്നൊരു വിവാഹമോചനമെന്ന ചിന്ത മാറിപ്പോയത്. അനുവും (പൂർണിമ) ഇന്ദ്രേട്ടനും ഞങ്ങളോടു അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവാഹമോചനത്തിൽ എത്തിയേനെ. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടെ സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്-'' പ്രിയ പറയുന്നു.
''ഇന്നത്തെ കാലത്ത് വിട്ടു പോകാൻ എളുപ്പമാണ്. പക്ഷേ, പ്രശ്നം പരിഹരിക്കാനാണ് ബുദ്ധിമുട്ട്. പ്രത്യേകിച്ചും പെൺകുട്ടികൾ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയിലാണെങ്കിൽ അവരുടെ ദാമ്പത്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ, വീട്ടുകാർ ആദ്യം പറയുക, വിട്ടു പോന്നോളൂ... നമുക്ക് നോക്കാം എന്നാകും. ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹമോചനം എന്നത് എളുപ്പമാണ്. പക്ഷേ, ആ പ്രശ്നങ്ങൾ പരിഹരിക്കലാണ് പ്രയാസം. കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ബന്ധങ്ങൾ എളുപ്പമാക്കില്ല. സത്യത്തിൽ അപ്പോഴാണ് കൂടുതൽ ഫ്രസ്‌ട്രേഷനും പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഞങ്ങളുടെ ബന്ധം കുറേക്കൂടി വർക്ക് ചെയ്യാൻ തുടങ്ങിയത് പ്രിയ കുറേക്കൂടി തിരക്കുകളിലേക്ക് കടന്നതോടെയാണ്''- നിഹാൽ വെളിപ്പെടുത്തി.
കല്യാണം കഴിഞ്ഞ സമയത്ത് ഞാൻ സീരിയലിൽ അഭിനയിക്കുകയായിരുന്നു. ഞാൻ ആ തിരക്കുകളിലായിരുന്നു. ശരിക്കും ഞാൻ മാറി നിന്നു ജോലി ചെയ്യുകയായിരുന്നു. വേദു (മകൻ) വന്നതിനു ശേഷം ഞാൻ മുഴുവൻ സമയവും വീട്ടിലായി. ഡെലിവറി കഴിഞ്ഞ സമയത്ത് കുറച്ച് വിഷാദാവസ്ഥ വരുമല്ലോ. ഹോർമോൺ വ്യതിയാനങ്ങൾ... മുഴുവൻ സമയവും കുഞ്ഞിനെ നോക്കൽ... വീട്ടിലിരിക്കൽ... ജോലിയില്ല... ആ സമയത്താണ് ഞങ്ങൾ വഴക്കിട്ടത്,'' പ്രിയ പറഞ്ഞു.
ബിസിനസിന്റെ കാര്യങ്ങളിലേക്ക് പ്രിയ ശ്രദ്ധ തിരിക്കാൻ തുടങ്ങിയതോടെ അതിൽ തിരക്കായി. അതോടെ ജീവിതത്തിലും സന്തോഷം അനുഭവപ്പെടാൻ തുടങ്ങി. അതുകൊണ്ട്, ഏതെങ്കിലും ഒരു കാര്യത്തിൽ ഏർപ്പെട്ടിരിക്കുക എന്നത് വളരെ പ്രധാനമാണ്,' നിഹാൽ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |