ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്‌പ 2വിന്റെ പ്രദർശനത്തിനിടെ തിയേറ്ററിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് രായദുർഗയിലെ തിയേറ്ററിലാണ് 35കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉദെ ഗോല്ലം ഗ്രാമവാസിയായ ഹരിജന മധന്നപ്പ എന്നയാളാണ് മരിച്ചത്. മാറ്റിനി ഷോയ്ക്കുശേഷം വൈകിട്ട് ആറുമണിയോടെ ശുചീകരണത്തൊഴിലാളികൾ തിയേറ്ററിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മരണം എപ്പോഴാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടരയോടെ മദ്യപിച്ചുകൊണ്ടാണ് മധന്നപ്പ തിയേറ്ററിലെത്തിയത്. അകത്തിരുന്നും മദ്യപിച്ചു. ഇയാൾ സ്ഥിരം മദ്യപാനിയാണ്. നാല് കുട്ടികളുടെ പിതാവാണ്. അല്ലു അർജുന്റെ വലിയ ആരാധകനാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, മധന്നപ്പയുടെ മരണവിവരം അറിഞ്ഞിട്ടും സിനിമയുടെ പ്രദർശനം തുടർന്നുവെന്നാരോപിച്ച് കുടുംബാംഗങ്ങളും തിയേറ്റർ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ഹൈദരാബാദിൽ പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വലിയ വിവാദമായിരുന്നു. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതിയാണ് തിക്കിലും തിരക്കിലും മരണപ്പെട്ടത്. മകൻ തേജ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം അല്ലു പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ നടൻ അല്ലു അർജുനെതിരെയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |