ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക കാർത്തിക പൊങ്കാല ഉത്സവം നാളെ നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുരുവല്ല മുതൽ തകഴി വരെയും എം.സി റോഡിൽ ചങ്ങനാശേരി-ചെങ്ങന്നൂർ-പന്തളം റൂട്ടിലും, മാന്നാർ-മാവേലിക്കര റൂട്ടിലും, മുട്ടാർ-കിടങ്ങറ, വീയപുരം-ഹരിപ്പാട് റൂട്ടിലും പൊങ്കാലയിടാൻ ഭക്തർ അടുപ്പ് കൂട്ടിക്കഴിഞ്ഞു.
സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസുണ്ടാകും. നാളെ രാവിലെ ഒമ്പതിന് വിളിച്ചു ചൊല്ലി പ്രാർഥനയ്ക്ക് ശേഷം ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യാതിഥിയാകും. മേൽശാന്തി അശോകൻ നമ്പൂതിരിയുടെ
നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണ ചടങ്ങുകൾ.
11ന് ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് പൊങ്കാല നിവേദിക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനത്തിന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി കെ.ബി. ഗണേശ്‌കുമാർ ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റി ആൻഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റർ മണിക്കുട്ടൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, മീഡിയ കോ-ഓർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവകമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |