സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് പല പുതിയ നിയമങ്ങളും നിലവിൽ വന്നിട്ടുണ്ട്. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിന് കടുത്ത വകുപ്പുകളും ശിക്ഷയും ഉൾപ്പെടുത്തിയ നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഭർതൃഗൃഹത്തിലെ സ്‌ത്രീധന പീഡനം സഹിക്കാനാവാതെ നിരവധി സ്‌ത്രീകൾ ജീവനൊടുക്കിയതിന്റെയും മറ്റും പശ്ചാത്തലത്തിൽ സ്‌ത്രീധന പീഡനം തടയുന്നതിനും പ്രത്യേക നിയമങ്ങൾ നിലവിൽ വരികയുണ്ടായി. സ്‌ത്രീകളും കുട്ടികളും എന്തിന്റെ പേരിലായാലും ഉപദ്രവിക്കപ്പെടാൻ പാടില്ല. ഏറ്റവും സുരക്ഷിതമായും നിർഭയമായും സ്‌ത്രീകൾക്കും കുട്ടികൾക്കും കഴിയാനാവുന്ന സാഹചര്യമാണ് പരിഷ്‌കൃത സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അളവുകോൽ. ജനപ്രതിനിധി സഭകൾ ശരിയായ ഉദ്ദേശ്യത്തോടെയാണ് ഇത്തരം നിയമങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ഈ നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കാനുള്ള ചുമതല കോടതികൾക്കാണ്. എന്നാൽ കോടതികളിൽ വരുന്ന പരാതികളെല്ലാം നൂറു ശതമാനം സത്യസന്ധമാണോ എന്നതിൽ ഒരു ആത്മപരിശോധന നടത്തേണ്ട കാലമാണിത്. നിയമത്തിന്റെ പിൻബലത്തിൽ കോടതി സംവിധാനം ദുരുപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വ്യാജ പരാതികളും എത്തുന്നുണ്ടെന്ന് നിയമരംഗത്തെ വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാമ്പത്തിക ലാഭം ലക്ഷ്യംവച്ച് പരാതി നൽകുകയും കോടതിക്ക് പുറത്തുവച്ച് വൻ തുക കൈപ്പറ്റി പരാതി പിൻവലിക്കുകയും ചെയ്യുന്ന രീതി പരസ്യമായ രഹസ്യമാണ്. ഇത്തരം പ്രവണത തടയപ്പെട്ടില്ലെങ്കിൽ അത് നിലവിലുള്ള നിയമങ്ങളെ കൊഞ്ഞണം കുത്തുന്നതിന് സമമായിരിക്കും. സ്‌ത്രീധന പീഡനത്തിനെതിരായ നിയമത്തിന്റെ 498-എ വകുപ്പിന്റെ ദുരുപയോഗം വ്യാപകമാണെന്നും, കീഴ്‌ക്കോടതികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
വ്യക്തമായ തെളിവുകളില്ലാതെ ആരോപണങ്ങളുടെ പേരിൽ മാത്രം വകുപ്പ് ചുമത്തരുതെന്ന് എടുത്തുപറഞ്ഞാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. പകവീട്ടാനും സ്വത്തു തട്ടാനുമുള്ള ഉപാധിയാക്കി നിയമത്തെ മാറ്റരുത്. നടൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് സംസ്ഥാന ഹൈക്കോടതിയിൽ നിന്നും സമാനമായ നിരീക്ഷണമാണ് ഉണ്ടായത്. സ്‌ത്രീക്കു മാത്രമല്ല, പുരുഷനും അന്തസും അഭിമാനവുമുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. നടനെതിരെ ആലുവ സ്വദേശിയായ നടി പരാതി നൽകിയത് 17 വർഷം വൈകിയാണെന്നതും കോടതി കണക്കിലെടുത്തു. എന്നാൽ. ഇതിന് അർത്ഥം ക്രൂരത അനുഭവിക്കുന്ന സ്‌ത്രീകൾ പ്രതികരിക്കരുതെന്നോ പരാതി നൽകരുതെന്നോ അല്ലെന്നും നിയമത്തിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രശസ്ത വ്യക്തികൾക്കെതിരെ വർഷങ്ങൾ വൈകി പീഡന പരാതി നൽകുന്നത് ഇക്കാലത്ത് ആവർത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. സാമ്പത്തിക ലക്ഷ്യത്തോടെയും കേസിലൂടെ പ്രശസ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയും ഇത്തരം പരാതികൾ നൽകുന്നവരും കുറവല്ല. അതിനാൽ, ആരോപണങ്ങൾ കോടതി കൃത്യമായി പരിശോധിക്കാതെ, വ്യാജ പരാതികളെ പ്രോത്സാഹിപ്പിക്കരുത്. ഇത്തരം പരാതികൾ കേസിൽ തീർപ്പ് വരാതെ പുറത്ത് പ്രചരിപ്പിക്കുന്നതും തടയപ്പെടേണ്ടതാണ്. സുപ്രീംകോടതിയിൽ തെലങ്കാനയിലെ സ്‌ത്രീ നൽകിയ കേസിൽ, കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ടെന്നും ഭർത്താവിന് പരസ്‌ത്രീ ബന്ധമുണ്ടെന്നുമാണ് ആരോപിച്ചിരുന്നത്. ഈ വാദം തെറ്റാണെന്നും ഭാര്യയ്ക്കാണ് മറ്റൊരാളുമായി ബന്ധമെന്നുമുള്ള തെളിവുകൾ സഹിതമുള്ള ഭർത്താവിന്റെ വാദം അംഗീകരിച്ചാണ് തെറ്റു ചെയ്യാത്ത കുടുംബാംഗങ്ങളെ ദ്രോഹിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. കോടതികളെ തട്ടിപ്പിനുള്ള കേന്ദ്രമാക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ കൂടി കോടതികൾ തയ്യാറായാലേ ഇത്തരം പ്രവണതകൾക്ക് തടയിടാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |