ഹൈദരാബാദ്: മാദ്ധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കത്തിലൂടെ മാപ്പ് പറഞ്ഞ് തെലുങ്ക് നടൻ മോഹൻ ബാബു. നടനും ഇളയ മകൻ മഞ്ചു മനോജും തമ്മിലുളള സ്വത്ത് തർക്കത്തെ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് ആക്രമണം നടന്നത്. ടിവി9 എന്ന മാദ്ധ്യമത്തിന്റെ റിപ്പോർട്ടർ രഞ്ജിത് കുമാറിന്റെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെയാണ് മോഹൻ ബാബു മൈക്ക് പിടിച്ചുവാങ്ങി മർദ്ദിച്ചത്. സംഭവത്തിൽ നേരത്തെ തന്നെ മഞ്ചു മനോജ് ക്ഷമാപണം നടത്തിയിരുന്നു.
ആക്രമണത്തിൽ പശ്ചാതാപമുണ്ടെന്നാണ് മോഹൻ ബാബു കത്തിൽ പറഞ്ഞിരിക്കുന്നത്. കുടുംബപ്രശ്നം വലിയ പ്രശ്നമായെന്നും നടൻ പ്രതികരിച്ചു. 'അടുത്തിടെ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനാണ് കത്തെഴുതുന്നത്. വ്യക്തിപരമായ കുടുംബ തർക്കം വലിയൊരു സാഹചര്യത്തിലേക്ക് നീങ്ങി. അത് എന്നെ വേദനിപ്പിക്കുന്നു. പ്രമുഖ മാദ്ധ്യമമായ ടിവി 9 കുടുംബത്തോടും എല്ലാ മാദ്ധ്യമപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ചിലർ ബലമായി തന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് ടിവി9 മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കുടുംബത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു'- മോഹൻ ബാബു കത്തിൽ പറയുന്നു. കൊലപാതകശ്രമത്തിന് 35കാരനായ മാദ്ധ്യമപ്രവർത്തകൻ മോഹൻ ബാബുവിനെതിരെ കേസ് ഫയൽ ചെയ്തതിനുശേഷമാണ് നടൻ പ്രതികരിച്ചത്.
മുഖത്തടിയേറ്റതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ രഞ്ജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കവിളെല്ലിന് മൂന്ന് പൊട്ടലുകളുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അധികൃതർ അന്ന് അറിയിച്ചത്. രക്ത സമ്മർദ്ദത്തിലുണ്ടായ വ്യത്യാസത്തെത്തുടർന്ന് മോഹൻ ബാബുവും ആശുപത്രിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |