ഹൈദരാബാദ്: പുഷ്പ 2 ചിത്രത്തിന്റെ ആദ്യപ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുന്നത്. ചഞ്ചൽ ഗുഡ ജയിലിലായിരിക്കും താരത്തെ പാർപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. അല്ലു അർജുന്റെ ഇടക്കാല ജാമ്യഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോൾ. ഇതിൽ തീരുമാനം ഉണ്ടായശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക. ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് താരത്തിന്റെ വസതിയായ ജൂബിലി ഹിൽസിൽ എത്തി അറസ്റ്റ് ചെയ്തത്. നടനെതിരെ സെക്ഷൻ 118(1),സെക്ഷൻ 3(5) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു.
പൊലീസിനോടൊപ്പം വാഹനത്തിൽ കയറാൻ വരുന്ന അല്ലു അർജുന്റെ വീഡിയോയും വസതിയിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഭാര്യയോടൊപ്പം നിൽക്കുന്ന വീഡിയോയുമാണ് വൈറലാകുന്നത്. അറസ്റ്റ് നടക്കുന്ന സമയത്ത് അല്ലുവിന്റെ പിതാവും സിനിമാനിർമാതവുമായ അല്ലു അരവിന്ദും കുടുംബവും ഉണ്ടായിരുന്നു. കോഫി കുടിക്കുന്ന അല്ലു ഭാര്യയായ സ്‌നേഹ റെഡിക്ക് ചുംബനം നൽകുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്.
വസതിയിൽ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് അല്ലു പറയുന്നതും വീഡിയോയിൽ കേൾക്കാം. വസ്ത്രം മാറണമെന്ന് പൊലീസിനോട് പറഞ്ഞു. താൻ രക്ഷപ്പെടുമെന്ന് വിചാരിച്ച് ബെഡ്റൂമിലേക്കും പൊലീസുകാർ വന്നു. ബെഡ്റൂമിന് പുറത്ത് പൊലീസുകാർ നിന്നതിൽ ബുദ്ധിമുട്ടുണ്ടായെന്നും അല്ലു പറയുന്നു. അല്ലുവിനോടൊപ്പം പിതാവും വാഹനത്തിൽ കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞതും വീഡിയോയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |