പാട്ന: ബീഹാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ. അദ്ധ്യാപകനായ അവ്നിഷ് കുമാറിനെ വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകും വഴിയാണ് തട്ടിക്കൊണ്ടുപോയത്. ഗുഞ്ചൻ എന്ന യുവതിയുമായി അവ്നിഷ് കുമാർ പ്രണയത്തിലായിരുന്നുവെന്നും അദ്ധ്യാപകനായതോടെ വർഷങ്ങളായുള്ള പ്രണയ ബന്ധം ഉപേക്ഷിച്ചെന്നുമാണ് ആരോപണം.
ഇതാണ് തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ നിർബന്ധിപ്പിച്ചത്. അവ്നിഷിനെ ക്ഷേത്രത്തിൽ വച്ച് ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്ന വീഡിയോ സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. പെൺകുട്ടിയോട് സനേഹം ഉണ്ടായിരുന്നില്ലെന്നും തന്നെ പെൺകുട്ടി നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. സംഭവദിവസം സ്‌കൂളിലേക്ക് പോകുമ്പോൾ സ്‌കോർപ്പിയോ വാഹനത്തിൽ ചിലർ തട്ടിക്കൊണ്ടുപോയി. നിർബന്ധിതമായി വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നുവെന്നും പറഞ്ഞു.
വിവാഹശേഷം യുവതിയുമായി ബന്ധുക്കൾ അവ്നിഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും യുവാവ് രക്ഷപ്പെട്ടെന്നാണ് വിവരം. അവ്നിഷിന്റെ വീട്ടിലെത്തിയെങ്കിലും മാതാപിതാക്കൾ സ്വീകരിച്ചില്ല. തുടർന്ന് ഗുഞ്ചൻ, പൊലീസിൽ പരാതി നൽകി. അവിവാഹിതരായ സർക്കാർ ജോലിയുള്ള യുവാക്കളെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിപ്പിക്കുന്ന പല സംഭവങ്ങളും ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകൽ, ശാരീരിക പീഡനം എന്നിവ ആരോപിച്ച് അവ്നിഷും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |