കോട്ടയം: ഇരുനൂറ് രൂപ കടന്ന് മുന്നേറുമെന്ന് പ്രതീക്ഷിച്ച റബർ വില ടയർ ലോബിയുടെ ഇടപെടലിൽ കുത്തനെ കുറഞ്ഞു. വില 200 രൂപയിലെത്തിക്കാനുള്ള റബർ ഉത്പാദക സംഘങ്ങളുടെ സംഘടിത ശ്രമം ചരക്ക് വാങ്ങാതെ വിട്ടുനിന്ന് വൻകിട വൃവസായികൾ പൊളിച്ചു.
ചൈന. ടോക്കിയോ .സിങ്കപ്പൂർ വില 207 നിന്ന് 218 രൂപലേക്ക് കുതിച്ചു. ബാങ്കോക്കിൽ ഷീറ്റ് വില 205ൽ നിന്ന് 210 രൂപയിലേക്ക് ഉയർന്നു. എന്നാൽ ഇന്ത്യയിൽ റബർ ബോർഡ് വില 199ൽ നിന്ന് 191 രൂപയിലേക്കും വ്യാപാരി വില 191ൽ നിന്ന് 183 രൂപയിലേക്കും നിലം പൊത്തി. മഴയിൽ ഉത്പാദനം കുറഞ്ഞതും കർഷകർ വിൽപ്പന മാറ്റിവെക്കുന്നതും വില വർദ്ധനയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഉത്‌പാദന ഇടിവിൽ കുതിച്ച് കുരുമുളക്
ഉത്‌പാദനത്തിലെ ഇടിവ് കുരുമുളകിന് ഗുണമായി. ഇടുക്കി ഹൈറേഞ്ച്, വയനാട് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ അളവിലാണ് കുരുമുളക് വിപണിയിലെത്തിയത്. രണ്ടാഴ്ചക്കുള്ളിൽ കിലോയ്‌ക്ക് 21 രൂപയുടെ വർദ്ധനയുണ്ടായി. ശ്രീലങ്കയിൽ നിന്നെത്തിയ വീര്യം കുറഞ്ഞ കുരുമുളകിൽ നാടൻ കലർത്തി മസാല കമ്പനികൾക്ക് ഇറക്കുമതിക്കാർ വിറ്റെങ്കിലും അവർ ചരക്ക് മടക്കി. ഇതോടെയാണ് ഹൈറേഞ്ച് കുരുമുളകിന് പ്രിയമേറിയത്. ഫെബ്രുവരിയിൽ വിളവെടുപ്പ് തുടങ്ങുമെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ കുരുമുളക് ഉത്പാദനത്തിൽ 25 ശതമാനത്തിന്റെ കുറഞ്ഞേക്കും. അതിനാൽ വില ഇനിയും കൂടാനിടയുണ്ട്.
ഇന്ത്യൻ കുരുമുളകിന് കയറ്റുമതി വില 7950 ഡോളറായി ഉയർന്നു. ശ്രീലങ്ക 7200, വിയറ്റ്നാം 6950, ബ്രസീൽ 7000, ഇന്തോനേഷ്യ 7500 ഡോളർ എന്നിങ്ങനെ വില ഉയർന്നിട്ടുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |