ലക്‌നൗ: തോക്കിൻമുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിജെപി നേതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് മഥുരയിൽ നിന്നുള്ള ബിജെപി നേതാവ് പീഡിപ്പിച്ചുവെന്നാണ് ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്.
ബിജെപി കിസാൻ മോർച്ച മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും അഖില ഭാരതീയ ക്ഷത്രിയ മഹാസഭ അംഗവുമായ നേതാവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ആരോപണങ്ങൾ ബിജെപി നേതാവ് തള്ളി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും ഇയാൾ പറഞ്ഞു.
ഫേസ്‌ബുക്ക് വഴിയാണ് ബിജെപി നേതാവിനെ പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 'നാല് വർഷമായി സൗഹൃദമുണ്ട്. ഒരു എൻജിഒയുടെ സ്ഥാപകനാണ് അയാൾ. കഴിഞ്ഞ സെപ്‌തംബറിൽ നമ്മൾ എൻജിഒയിലെ ചില പ്രോജക്‌ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. സെപ്‌തംബർ 14ന് ജോലിയുടെ ഭാഗമായി മഥുരയിൽ എത്തണമെന്ന് അയാൾ ആവശ്യപ്പെട്ടു. തുടർന്ന് അന്നേദിവസം ഞാൻ ഒരു സുഹൃത്തിനൊപ്പം നാർഹോളിയിലെത്തി. അവിടെനിന്ന് ബിജെപി നേതാവും അയാളുടെ സഹപ്രവർത്തകനും ചേർന്ന് ഞങ്ങളെ വാഹനത്തിൽ ഗോവർദ്ധൻ റോഡിലെ ജി എസ് ഫാമിൽ എത്തിച്ചു. അവിടെ ഒരു മുറിയിലിരുന്നാണ് നമ്മൾ സംസാരിച്ചത്.
തുടർന്ന് ജോലി സംബന്ധമായ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അയാൾ എന്റെ സുഹൃത്തിനോടും അയാളുടെ സഹപ്രവർത്തകനോടും മുറിക്ക് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് കതക് അടച്ചു. പിന്നാലെ തോക്ക് പുറത്തെടുക്കുകയും എന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തി. ശേഷം ഞങ്ങളെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിടുകയും അടുത്ത തവണ എന്നോട് ഒറ്റയ്ക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'- പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവം നടന്ന് പിറ്റേദിവസം തന്നെ പൊലീസ് പരാതി നൽകിയെങ്കിലും സ്വാധീനമുള്ള വ്യക്തി ആയതിനാൽ പൊലീസുകാർ അവഗണിച്ചുവെന്ന് യുവതി പറയുന്നു. ഏറെനാൾ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടാകാത്തതിനാൽ ഡൽഹിയിലെ ഉന്നത അധികൃതർക്ക് പരാതി നൽകിയെന്നും യുവതി പറഞ്ഞു. തുടർന്ന് സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ബിജെപി നേതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മൊഴിയെടുക്കുന്നതിനായി താമസിയാതെ യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |