തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് വൺ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി കെ.കെ.മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശ് 'കേരളകൗമുദി'യോട് പറഞ്ഞു. ചോദ്യപേപ്പറുകൾ ചോർന്ന വഴിയും ചോർത്തിയതാരാണെന്നും ഇതിനുപിന്നിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ കണ്ടെത്തും. ക്രൈംബ്രാഞ്ച് മേധാവി മേൽനോട്ടം വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയെ നേരിൽക്കണ്ട് പരാതി നൽകുകയും മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ടും ഡി.ജി.പിയെ ഫോണിൽ വിളിച്ചും ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്രിസ്‌മസ് പരീക്ഷയിൽ എസ്.എസ്.എൽ.സിയുടെ ഇംഗ്ലീഷ്, പ്ലസ് വണ്ണിന്റെ മാത്തമാറ്റിക്സ് ചോദ്യങ്ങളാണ് യൂട്യൂബിലെത്തിയത്. പരീക്ഷയുടെ തലേന്ന് ചോദ്യം ലീക്കായെന്നും ഉറപ്പായും വരുമെന്നും പറഞ്ഞാണ് അദ്ധ്യാപകൻ ലൈവായി ഈ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത്. ചോദ്യപേപ്പർ ചാനലിൽ കാട്ടിയില്ലെങ്കിലും ചോദ്യങ്ങളുടെ ക്രമംപോലും തെറ്റാതെയായിരുന്നു ലൈവ്. വിദ്യാർത്ഥികൾ അദ്ധ്യാപകരോട് ഇതിൽ പലചോദ്യങ്ങളുടെയും ഉത്തരങ്ങൾ ചോദിച്ചിരുന്നു. പിറ്റേന്ന് ചോദ്യപേപ്പർ കണ്ടപ്പോൾ സംശയംതോന്നിയ അദ്ധ്യാപകരാണ് ചോർച്ച പുറത്തുവിട്ടത്. പിന്നാലെ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ പൊലീസിൽ പരാതിനൽകി. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിക്കും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു. ഈ പരാതി ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻ സി.ഇ.ഒയും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും
ചോർച്ചയെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയും അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് മന്ത്രി ശിവൻകുട്ടിക്ക് സമർപ്പിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ്, അഡി. സെക്രട്ടറി മീനാംബിക, അഡി. ഡയറക്ടർ ഷിബു, പരീക്ഷാഭവൻ ജോ. കമ്മിഷണർ ഗിരീഷ് ചോലയിൽ, ഹയർ സെക്കൻഡറി അക്കാഡമിക് ജോ.ഡയറക്ടർ ഷാജിദാ, ഡെപ്യൂട്ടി ഡയറക്ടർ ക്യു.ഐ.പി. ധന്യ എന്നിവരാണ് സമിതിയംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |