തിരുവനന്തപുരം: നിരത്തിൽ നിരവധി ജീവനുകൾ പൊലിയുമ്പോഴും റോഡ് സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട റോഡ് സുരക്ഷാ അതോറിട്ടിയെ കടലാസിലൊതുക്കി. കോടിക്കണക്കിന് രൂപ അക്കൗണ്ടിലുണ്ടെങ്കിലും റോഡ് സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികളുണ്ടാകുന്നില്ല.വിവിധ സർക്കാർ വകുപ്പുകളുടെ ഇടപെടൽ സ്വതന്ത്ര അതോറിട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ അംഗീകരിക്കുന്നില്ല. ഗതാഗതമന്ത്രി ചെയർമാനായ അതോറിട്ടിയുടെ യോഗം ആറുമാസത്തിലൊരിക്കൽ ചേരേണ്ടതുണ്ടെങ്കിലും നടക്കുന്നില്ല.
റോഡുകളിലെ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്താൻ നാറ്റ്പാക്കിന്റെ സഹായത്തോടെ നടത്തേണ്ട പഠനത്തെ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർത്തതോടെ നടത്താനായിട്ടില്ല. 2023ലെ ബ്ലാക്ക് സ്‌പോട്ടുകളുടെ പട്ടികയും പുറത്തിറങ്ങിയില്ല. ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്താൻ ജി.ഐ.എസ് മാപ്പിംഗ് ഉപയോഗിച്ചുള്ള ആറുലക്ഷത്തോളം രൂപ ചെലവിട്ടുള്ള പഠനത്തെയും ധനവകുപ്പ് എതിർത്തു. റോഡ് സുരക്ഷാ സെസും ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയുടെ 50 ശതമാനവും അതോറിട്ടിയുടെ അക്കൗണ്ടിൽ എത്തുന്നുണ്ടെന്നിരിക്കെയാണ് ഇത്.
എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി.ഇളങ്കോവൻ ഒന്നരവർഷം മുമ്പും, ഡയറക്ടർമാരായ രാജഗോപാൽ,ശിവപ്രസാദ് എന്നിവർ മൂന്നുവർഷം മുമ്പും സ്ഥാനമൊഴിഞ്ഞെങ്കിലും പകരക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല. രണ്ടു ഡയറക്ടർമാരും അഞ്ചോളം ജീവനക്കാരും മാത്രമാണ് നിലവിൽ അതോറിട്ടിയിലുള്ളത്.ഡി.ജി.പി നിതിൻ അഗർവാളാണ് റോഡ് സേഫ്റ്റി കമ്മിഷണർ.
രാജ്യത്ത് ആദ്യം ഇപ്പോൾ പിന്നിൽ
രാജ്യത്ത് ആദ്യമായി റോഡ് സുരക്ഷാ അതോറിട്ടി രൂപീകരിച്ചത് കേരളത്തിൽ. റോഡ് അപകടങ്ങളെ ദുരന്തമായി കണക്കി യു.എൻ സഹായവും നൽകിയിരുന്നു
2012ന് ശേഷം കേരളത്തെ മാതൃകയാക്കി അതോറിട്ടി രൂപീകരിച്ച അയൽസംസ്ഥാനങ്ങൾ മുന്നേറുന്നു. സേഫ്റ്റി ഓഡിറ്റ് ഉൾപ്പെടെ നടത്തി അപകടങ്ങൾ കുറയ്ക്കാൻ സംസ്ഥാനത്ത് നടപടിയില്ല
റോഡുകളിലെ
വളവ് നിവർന്നില്ല
1.അതോറിട്ടിയും നാറ്റ്പാക്കും ചേർന്ന് 2019ൽ നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ 75 റോഡുകൾ അതീവ അപകടമേഖലയായി കണ്ടെത്തിയിരുന്നു
2.ഇതിൽ 23 എണ്ണത്തിലെ വളവ് നിവർത്താൻ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് കണ്ടെത്തിയെങ്കിലും അതും നടന്നില്ല. പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |