കാലാവധി അവസാനിക്കുന്ന രണ്ടു കരാറുകളെച്ചൊല്ലി കുറച്ചുദിവസങ്ങളായി വൈദ്യുതി ബോർഡ് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. വിവാദങ്ങൾ ബോർഡിന് പുത്തരിയല്ലാത്തതിനാൽ പ്രത്യേകിച്ച് കുലുക്കമൊന്നുമില്ല. എന്നാൽ ഇപ്പോൾ ഉരുത്തിരിഞ്ഞുവന്ന രണ്ടു കരാർ വിവാദങ്ങൾ വൈദ്യുതി വകുപ്പും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങുമോ എന്ന സന്ദേഹമാണ് പ്രശ്നത്തിന് കൂടുതൽ ഗൗരവം പകരുന്നത്. കാലാവധി അവസാനിച്ച മണിയാർ ജലവൈദ്യുതി കരാർ കാർബോറണ്ടം കമ്പനിക്ക് നീട്ടിക്കൊടുക്കാൻ വ്യവസായ വകുപ്പ് ആഗ്രഹിക്കുന്നു. പദ്ധതി തുടങ്ങിയതു മുതൽ ഇവിടെ നിന്നുള്ള വൈദ്യുതി ഈ കമ്പനിയാണ് ഉപയോഗിക്കുന്നത്. പദ്ധതി നടത്തിപ്പും അവർക്കുതന്നെ. സംസ്ഥാനത്തിന്റെ ചെലവിൽ അവർ നിർബാധം ഈ സൗകര്യം പ്രയോജനപ്പെടുത്തുകയാണ്. കരാർ കാലാവധി തീരുന്ന മുറയ്ക്ക് ഈ ഏർപ്പാട് അവസാനിപ്പിക്കണമെന്ന ബോർഡിന്റെ ആഗ്രഹം വ്യവസായ വകുപ്പിന്റെ ഇടപെടൽ കാരണം മുടങ്ങുമോ എന്ന ആശങ്ക ഉയർന്നുകഴിഞ്ഞു.
മണിയാർ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി ഉത‌്‌പാദന - ഉപഭോഗ കരാർ ഇരുപത്തഞ്ചു വർഷം കൂടി സ്വകാര്യ കമ്പനിക്ക് വിട്ടുനൽകുന്നതിനോട് ബോർഡിനും വകുപ്പുമന്ത്രിക്കും താത്‌പര്യമില്ലെന്ന നിലപാട് പുറത്തുവന്നുകഴിഞ്ഞു. അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടതെന്നാണ് വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോടു പറഞ്ഞത്. അദ്ദേഹത്തിന് അത്രയല്ലേ പറയാൻ അവകാശമുള്ളൂ! ഏറ്റവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാനാവുന്ന ചെറുകിട ജലവൈദ്യുതി പദ്ധതികളിലൊന്നാണ് മണിയാർ. 22 കോടി രൂപയുടെ വൈദ്യുതി അവിടെ നിന്ന് മുടങ്ങാതെ ലഭിക്കുന്നുണ്ട്. ഭീമമായ പണം നൽകി പുറത്തു നിന്ന് വൈദ്യുതി വാങ്ങി ഉപഭോക്താക്കൾക്ക് ഉയർന്ന നിരക്കിൽ വിതരണം ചെയ്തുവരുന്ന ബോർഡിന് മണിയാറിലെ വൈദ്യുതി വീണ്ടെടുക്കാൻ പറ്റിയ അവസരം പാഴാക്കുന്നത് സ്വയംകൃതാനർത്ഥമായേ കാണാനാവൂ. കരാർ നീട്ടുന്നത് കമ്പനിക്ക് ഗുണകരമാകുമെങ്കിലും സംസ്ഥാനത്തിന് മെച്ചമെന്തെങ്കിലും ലഭിക്കുമെന്നു തോന്നുന്നില്ല.
മണിയാർ വിവാദത്തിനു പിന്നാലെ കായംകുളം താപനിലയവും വൈദ്യുതി ബോർഡിനെ ബുദ്ധിമുട്ടിലാക്കാൻ എത്തുന്നുണ്ട്. വർഷങ്ങൾക്കു മുന്നേ വൈദ്യുതി ഉത്പാദനം നിറുത്തി, നിശ്ചലമായിക്കിടക്കുന്ന കായംകുളം താപനിലയത്തിന് കരാർ പ്രകാരം ഓരോ വർഷവും 100 കോടി രൂപ നിരക്കിൽ വൈദ്യുതി ബോർഡ് കപ്പം കൊടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത ഫെബ്രുവരിയിൽ കരാർ കാലാവധി കഴിയുന്നതോടെ
ഈ ഊരാക്കുടുക്കിൽ നിന്ന് മോചിതമാകാമല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കരാർ നീട്ടിയില്ലെങ്കിൽ, മറ്റിടങ്ങളിൽ നിന്നുള്ള വൈദ്യുതി തടസപ്പെടുത്തുമെന്ന് എൻ.ടി.പി.സിയുടെ മുന്നറിയിപ്പ്. ഒരു പൊതുമേഖലാ സ്ഥാപനം ഇതുപോലെ കവലച്ചട്ടമ്പികളുടെ സ്വരത്തിൽ സംസാരിക്കുന്നതും നിലപാട് എടുക്കുന്നതും കേട്ടുകേഴ്‌വിയില്ലാത്ത കാര്യമാണ്.
ഒരു കരാറിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം കരാറിലെ ഒന്നാം കക്ഷിക്കാണെന്നത് സുവിദിതമാണ്. നിർബന്ധപൂർവം കരാർ അടിച്ചേല്പിക്കാൻ എവിടെയും നിയമമില്ല. യൂണിറ്റിന് 14 രൂപ ഉത്പാദനച്ചെലവു വരുന്ന താപവൈദ്യുതി, ബോർഡിനെ അധോഗതിയിലാക്കുമെന്നു കണ്ടതോടെയാണ് അത് എന്നെന്നേയ്ക്കുമായി വേണ്ടെന്നുവച്ചത്. ഇതിനകം നാലായിരം കോടി രൂപയിലധികം കായംകുളം വൈദ്യുതിക്കായി നൽകിക്കഴിഞ്ഞു. ആ വലിയ ഭാരവും ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് ബോർഡ് രക്ഷപ്പെടുകയായിരുന്നു. അതിന് ഇനിയും ജനങ്ങളെ നിർബന്ധിക്കരുത്. ഫിക്സഡ് ചാർജെന്ന പേരിൽ വർഷം 100 കോടി രൂപ നൽകി കരാർ നീട്ടാൻ അണിയറ ശ്രമങ്ങൾ നടക്കുന്നതായി അഭ്യൂഹമുണ്ട്. ഇതിന് പ്രതിഫലം പറ്റുന്ന താപ്പാനകളും കണ്ടേക്കാം. എല്ലാം തിരിച്ചറിഞ്ഞ് കരാർ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയാണ് വേണ്ടത്. എൻ.ടി.പി.സിയുടെ ഭീഷണി വന്നാൽ നിയമപരമായി നേരിടാൻ വഴി തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |