കൽപ്പറ്റ: വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന വിശദീകരണവുമായി കെ എസ് എഫ് ഇ. വായ്‌പാതുക ഉടൻ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദുരന്തബാധിതരായ രണ്ടുപേർക്ക് നോട്ടീസ് ലഭിച്ചത്.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കണം എന്നാവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെ എസ് എഫ് ഇയിൽ നിന്ന് നോട്ടീസ് ലഭിച്ചത്. നോട്ടീസിന് പിന്നാലെ പ്രതിഷേധവുമായി മുസ്‌ലീം യൂത്ത് ലീഗ് ബ്രാഞ്ച് ഓഫീസിലെത്തിയപ്പോഴാണ് കെ എസ് എഫ് ഇയുടെ വിശദീകരണം. കമ്പ്യൂട്ടറിൽ വന്ന തകരാർ മൂലമാണ് രണ്ടുപേർക്ക് നോട്ടീസ് പോയതെന്നാണ് മേപ്പാടി ബ്രാഞ്ച് മാനേജർ തോമസ് വ്യക്തമാക്കിയത്. സംഭവത്തിൽ വീഴ്‌ച പറ്റി. നോട്ടീസ് അയക്കാൻ പാടില്ലായിരുന്നു. ഇതിനുമുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല. ദുരന്തബാധിതരോട് അനുഭാവപൂർവമായ സമീപനമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഔചിത്യമില്ലാതെ പെരുമാറിയ കേന്ദ്രസർക്കാരിനെ വലിയ രീതിയിൽ വിമർശിച്ചിരിക്കുകയാണ് ഹൈക്കോടതി. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരിതാശ്വാസ പദ്ധതികൾ എങ്ങുമെത്താതിരിക്കേ, മുൻകാല രക്ഷാപ്രവർത്തനത്തിന്റെയടക്കം തുക ചോദിച്ചതിനാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉയരാൻ കാരണം.
ദുരന്തമുണ്ടാകുമ്പോൾ പഴയ കണക്കുകൾ പറയുന്നത് എന്ത് മനോഭാവമാണെന്ന് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. രക്ഷാദൗത്യത്തിന് ഹെലികോപ്ടർ ഉപയോഗിച്ച വകയിൽ 132.61 കോടി രൂപയുടെ ബില്ലാണ് സംസ്ഥാനത്തിന് നൽകിയത്. 13 കോടിയാണ് വയനാട്ടിനായി ചെലവായത്. ബാക്കി തുക 2006 മുതൽ 2021 മേയ് വരെയുള്ള കുടിശികയാണ്. ദുരിതാശ്വാസ പദ്ധതികൾക്ക് തുക ചെലവഴിക്കാൻ ദുരന്തനിവാരണ ചട്ടങ്ങളിൽ ഇളവുകൾ നൽകുന്നതിലടക്കം കേന്ദ്രം മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |