സർവീസിൽ നിന്ന് അനധികൃതമായി വിട്ടുനിൽക്കുന്ന സർക്കാർ ജീവനക്കാർ ഏറ്റവും കൂടുതലുള്ളത് ആരോഗ്യ വകുപ്പിലാണ്. ഇതിൽ ഡോക്ടർമാരാണ് ഏറ്റവും കൂടുതൽ. നഴ്‌സുമാരുടെ എണ്ണവും കുറവല്ല. ദീർഘകാല അവധിയുടെ കാലാവധി കഴിഞ്ഞാലും ഇവർ ജോലിക്കു ഹാജരാകില്ല. നോട്ടീസ് അയച്ചാൽ മറുപടിയും നൽകില്ല. ഇവർ ഉയർന്ന ശമ്പളത്തിൽ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലിയിൽ തുടരുന്നവരാണ്. ഇതുകാരണം ഇവരുടെ ഒഴിവിൽ പകരം നിയമനം നടത്താനും നിയമ തടസങ്ങളുണ്ട്. ഇതിന്റെ പേരിൽ ബുദ്ധിമുട്ടുന്നത് മെഡിക്കൽ കോളേജുകളിലും മറ്റും ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികളാണ്. ഡോക്ടർമാരുടെ കുറവു കാരണം മതിയായ ചികിത്സ തക്ക സമയത്ത് കിട്ടാൻ ഇവർ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. ഇതിനു പരിഹാരമായി, അനധികൃതമായി സർവീസിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പുറത്താക്കാനുള്ള ചട്ട ഭേദഗതിയോ നടപടിയോ ആണ് ആരോഗ്യ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ടത്.
അനധികൃതമായി സർവീസിൽ നിന്ന് വിട്ടുനിൽക്കുന്ന, പ്രൊബേഷൻ ഡിക്ളയർ ചെയ്യാത്ത 324 ഡോക്ടർമാരെ പുറത്താക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഉത്തരവുകളിലൂടെ 33 പേരെ പുറത്താക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ഉടൻ പുറത്താക്കുമെന്നും അറിയുന്നു. ആരോഗ്യ വകുപ്പിൽ ആകെ അനധികൃത അവധിയിലുള്ളത് 600 പേരാണ്. ഇതിൽ പ്രൊബേഷൻ ഡിക്ളയർ ചെയ്ത 276 പേരുണ്ട്. 2008 മുതൽ സർവീസിൽ നിന്ന് വിട്ടുനിൽക്കുന്നവർക്കെതിരെയാണ് നടപടി വരുന്നത്. ഇക്കൂട്ടത്തിൽ മൂന്നുപേരെ മാത്രമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്താക്കിയിട്ടുള്ളത്. പത്തും പതിനഞ്ചും വർഷം സർവീസിൽ നിന്ന് മാറി നിൽക്കുന്നവരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ് വേണ്ടത്. സംസ്ഥാനത്തു തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അത്രയും പേർക്ക് സർവീസിൽ പ്രവേശിക്കാൻ അത് അവസരമൊരുക്കുമല്ലോ.
സർക്കാർ സർവീസിൽ കയറിയിട്ട് അവധിയെടുത്ത് ജീവിതകാലം മുഴുവൻ മറ്റു രാജ്യങ്ങളിൽ ജോലിചെയ്തതിനു ശേഷം പെൻഷൻ ആകുന്നതിനു മുമ്പ് വീണ്ടും സർവീസിൽ കയറി പെൻഷൻ ആനുകൂല്യം നേടാനുള്ള ശ്രമം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടരുത്. വിരമിച്ചതിനു ശേഷവും അവർ വിദേശങ്ങളിലേക്കു തന്നെയാവും പോവുക. മെരിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിക്കുന്ന മെഡിക്കൽ വിദ്യാർത്ഥി ഡോക്ടറായി പഠനം പൂർത്തിയാക്കി വരുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിന് ചെലവാകുന്നത്. സർവീസിൽ കയറിയതിനു ശേഷം ദീർഘകാല അവധിയെടുത്ത് വിദേശത്തേക്കു പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതു തന്നെയാണ്. അവധി അനുവദിക്കുന്നതിനും മറ്റും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിക്കാൻ വൈകരുത്.
ഡോക്ടർമാർ അടക്കം 337 പേരാണ് മെഡിക്കൽ കോളേജുകളിൽ നിന്നു മാത്രം വിട്ടുനിൽക്കുന്നത്. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള 15 ദിവസത്തെ സമയം അവസാനിച്ചാലുടൻ പുറത്താക്കാൻ ഉത്തരവിറങ്ങുമെന്നാണ് വാർത്ത വന്നിരിക്കുന്നത്. വിട്ടുനിൽക്കുന്ന ഡോക്ടർമാരിൽ എല്ലാവരും വിദേശങ്ങളിലല്ല ജോലി ചെയ്യുന്നത്. ഏതാണ്ട് വിദേശത്തു ലഭിക്കുന്ന ശമ്പളത്തിൽ ഇവിടെത്തന്നെയുള്ള വലിയ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെ അവധിയെടുത്ത് മുങ്ങുന്നവർ ആരോഗ്യവകുപ്പിന്റെ 'ആരോഗ്യ"മാണ് തകർക്കുന്നത്. എന്തുകൊണ്ട് ഇത്രയും പേർ സർവീസ് വിട്ട് പോകുന്നു എന്നതിനെക്കുറിച്ച് വിദഗ്ദ്ധരുടെ സമിതി പഠനം നടത്തേണ്ടതും ആവശ്യമാണ്. അമിത ജോലിയാണോ ആനുകൂല്യങ്ങളുടെ കുറവാണോ സ്വകാര്യ പ്രാക്ടീസിനുള്ള തടസമാണോ- എന്താണ് കാരണങ്ങളെന്ന് കണ്ടെത്തുകയും അത് കാലാനുസൃതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കേണ്ടതും അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |