ശ്രീനാരായണ ഗുരുദേവനെപ്പറ്റി ഒരു വരി പോലും പാഠപുസ്‌തകങ്ങളിൽ നാളിതുവരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന നിലയിൽ തെറ്റായ ഒരു പ്രചാരണം സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്. അടിസ്ഥാനപരമായ ഗുരു സാക്ഷരത മുൻനിറുത്തി വിദ്യാർത്ഥികളെ അറിവിലേക്കും നന്മയിലേക്കും ഉയർത്താനുള്ള പഠന പദ്ധതിയായാണ് 'ശ്രീനാരായണ പഠനം" കൊണ്ട് ലക്ഷ്യമാക്കുന്നത്. ഗുരുമഹത്വത്തിന്റെ അഗാധ സ്പർശം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന 'ശ്രീനാരായണ പഠന പദ്ധതി" സർക്കാർ തലത്തിൽ അംഗീകരിച്ച് ഉത്തരവായിട്ടുള്ളതും യാഥാർത്ഥ്യമായിട്ടുള്ളതുമാണ്.
സ്‌കൂൾ പാഠ്യപദ്ധതിയിൽ ശ്രീനാരായണ പഠനം ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതും അതിന്റെ അടിസ്ഥാനത്തിൽ മൂന്നാം ക്ളാസ് മുതൽ 11-ാം ക്ളാസ് വരെയുള്ള മലയാളം, സോഷ്യൽ സയൻസ് പാഠപുസ്‌തകങ്ങളിൽ ഗുരുപഠനം മുൻനിറുത്തിയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്. പ്രൊഫ. എം.കെ. സാനു, സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി ഋതംഭരാനന്ദ, ഡോ. എം.ആർ. രാഘവവാര്യർ, ഡോ. ജോർജ് ഓണക്കൂർ, ഡോ. എസ്. ഓമന എന്നിവരും ഈ ലേഖകനും അടങ്ങുന്ന സമിതി സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന് ഉമ്മൻചാണ്ടി സർക്കാരാണ് ഗുരുപഠനം പാഠ്യപദ്ധതി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആ ഭാഗങ്ങൾ
എവിടെ?
കുട്ടികളിൽ സാമൂഹികവും ധാർമ്മികവുമായ ബോധമുളവാക്കാൻ കഴിയും വിധം ഗുരുവചനങ്ങൾ സാന്ദർഭികമായി പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഞാൻ കൂടി ഉൾപ്പെടുന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയാണ് പാഠഭാഗങ്ങൾക്ക് അംഗീകാരം നൽകിയതെന്നത് അഭിമാനത്തോടു കൂടി ഓർക്കുന്നു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവചനത്തെ കുമാരനാശാന്റെ മനോഹരമായ ഒരു കവിതാഭാഗം നൽകി വിദ്യാർത്ഥികളെ അവരുടെ ആലോചനാശേഷിയുടെ വികാസത്തിലേക്ക് മാനസാന്തരപ്പെടുത്തുന്ന പാഠഭാഗങ്ങൾ സവിശേഷ ശ്രദ്ധ ആകർഷിക്കുകതന്നെ ചെയ്തു.
ഗുരുകാരുണ്യം ഏറ്റുവാങ്ങാൻ കഴിഞ്ഞ ഭാഗ്യത്തിന്റെ ധന്യതയോടെ ഗുരുദേവനും ലളിതാംബിക അന്തർജ്ജനവും തമ്മിൽ നടന്ന സംഭാഷണം വിവരിക്കുന്ന പാഠവും ഗുരുവിന്റെ ലഘു ജീവചരിത്രവും അനുകമ്പാദശകവും മറ്റും പാഠഭാഗങ്ങളായി ഉൾപ്പെടുത്തുകയും ഗുരു അവതരിപ്പിക്കുന്ന ആശയങ്ങളുടെ വിവിധ തലങ്ങൾ ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കാൻ കുട്ടികളെ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഗുരുദേവൻ മനുഷ്യരാശിക്കു നൽകിയ അനശ്വരമായ വെളിച്ച വഴികളുടെ ദിശാസൂചകങ്ങളായിരുന്നു ആ പാഠഭാഗങ്ങൾ. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പാഠങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് ശ്രദ്ധിച്ച് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.
ദൈവദശകത്തിന്റെ രചനാ ശതാബ്ദി സർക്കാർ തലത്തിൽ ആഘോഷിച്ചതും സർക്കാർ മുദ്ര ചാർത്തി ആ പ്രാർത്ഥനാഗീതം പ്രസിദ്ധീകരിച്ചതും ഇത്തരുണത്തിൽ സ്മരണീയമാണ്. ഒരു മതചിഹ്നവും അടയാളപ്പെടുത്താത്ത സരളഗംഭീരമായ ആ പ്രാർത്ഥന സൂക്ഷ്‌മമായി പഠിക്കാനും അതിന്റെ ആന്തരിക സത്ത ഉൾക്കൊള്ളാനും കഴിയുന്ന ഒരു പഠനഭാഗം പ്രസിദ്ധീകരിച്ച് ആയിരക്കണക്കിന് കോപ്പികളാണ് സൗജന്യമായി വിതരണം ചെയ്തത്. ഗുരു മഹത്വത്തെ അതിന്റെ സമഗ്രതയിൽ ഉൾക്കൊണ്ട് ഓരോ കാലഘട്ടത്തിലും ആവിഷ്‌കരിക്കപ്പെടുന്ന പദ്ധതികൾ വിവേകമതികളായ ഗുരുവിശ്വാസികൾ സത്യസന്ധതയോടും ഉത്തരവാദിത്വ ബോധത്തോടും കൂടി വിലയിരുത്തുക തന്നെ ചെയ്യും.
സത്യമറിഞ്ഞ്
ജീവിക്കണം
പിണറായി സർക്കാരിന്റെ കാലത്ത് 'ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി" നിലവിൽ വന്നതും തലസ്ഥാന നഗരിയിൽ ഗുരുപ്രതിമ സ്ഥാപിച്ചതുമെല്ലാം ഈ പ്രകൃതത്തിൽ സ്‌മരണീയമാണ്. ഗുരു കൃതികൾ പഠിപ്പിക്കാൻ ഭാഷാപരിചയവും സാഹിത്യ കുശലതയും മാത്രം പോരാ. ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കിയുള്ള സ്കൂൾ പാഠങ്ങൾക്ക് വ്യാഖ്യാനവും പഠനവും നിർവഹിച്ചുകൊണ്ട് സ്വാമി മുനിനാരായണ പ്രസാദ് തയ്യാറാക്കിയ പുസ്‌തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ മഹത്വം ലോകമറിയുന്നതിനേക്കാൾ,ലോകർ സത്യമറിഞ്ഞ് ജീവിക്കുന്നവരായിത്തീരണമെന്ന ആമുഖത്തോടെയാണ് സ്വാമി പുസ‌്‌തകം സമർപ്പിച്ചിരിക്കുന്നത്. അതെ; ലോകർ സത്യമറിഞ്ഞ് ജീവിക്കട്ടെ.
ആധുനിക കേരളം സൃഷ്ടിച്ച ലോക ഗുരുവാണ് ശ്രീനാരായണൻ. ദാർശനികനും സാമൂഹ്യ മാർഗദർശിയുമാണ്. മഹത്വത്തിന്റെ ഏത് ആകാശത്തെയും പുല്കാനുള്ള ഉയരം ഗുരുവിന്റെ ശിരസിനുണ്ട്. അതറിഞ്ഞാൽ ലോകം ഗുരുവിനു വേണ്ടി കാതോർക്കും. ഗുരുവിന്റെ ശരിയെക്കുറിച്ചുള്ള നിരക്ഷരത ഇന്നും നമ്മുടെ സംസ്ഥാനത്തുണ്ട്. അത് തുടച്ചുനീക്കി അടിസ്ഥാനപരമായ ഗുരുസാക്ഷരത സൃഷ്ടിക്കാനുള്ള ദൗത്യം കൂടുതൽ ജാഗ്രതയോടെ നാം ഏറ്റെടുക്കേണ്ടതുണ്ട്.
ക്യാപ്ഷൻ:
...................
ശ്രീനാരായണ പഠനം സ്കൂൾ പാഠ്യപദ്ധിതിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് 2012 സെപ്തംബർ 29- ന് പുറപ്പെടുവിച്ച ഉത്തരവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |