ന്യൂഡൽഹി : അംബേദ്‌കർ വിഷയത്തിൽ പാർലമെന്റ് വളപ്പിൽ നടന്ന സംഘർഷത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി എം.പി ഹേമന്ദ് ജോഷി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷമാണ് ഡൽഹി പൊലീസിന്റെ നടപടി.
ബിആർ അംബേദ്‌കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. നീല വസ്‌ത്രമായിരുന്നു പ്രതിപക്ഷ എംപിമാരെല്ലാം ധരിച്ചിരുന്നത്. ബി.ആർ അംബേദ്‌ക്കറുടെ ചിത്രവും കയ്യിലേന്തിയായിരുന്നു പ്രതിഷേധം. ഇതേസമയം മകർ ദ്വാറിൽ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന് ആരോപച്ച് ഭരണപക്ഷ എം.പിമാരും എത്തി. പ്രതിപക്ഷ എം.പിമാർ പ്രതിഷേധവുമായി ഭരണപക്ഷ മാർച്ചിലേക്ക് ഇരച്ചുകയറിയതോടെ സംഘർഷമായി
രാഹുൽ ഗാന്ധി എംപിമാരെ കയ്യേറ്റം ചെയ്യുകയും വനിതാ അംഗത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി വധശ്രമത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ കാരണം രണ്ട് ലോക്‌സഭാ അംഗങ്ങൾക്ക് പരിക്കേറ്റുവെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു. സഭയിൽ ഒരു ഗുണ്ടയെപ്പോലെയാണ് രാഹുല്‍ പെരുമാറിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും ആരോപിച്ചു.
സെക്ഷന്‍ 109, 115, 117, 121, 125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് പാര്‍ലമെന്റിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയില്‍ ബിജെപി ആരോപിക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ബിജെപിയുടെ കേന്ദ്രമന്ത്രിമാരും വനിതാ എംപി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഉന്നയിക്കുന്നതെന്നും സഭയില്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയെ കരുതിക്കൂട്ടി അപമാനിക്കാനുള്ള നീക്കങ്ങളാണെന്നും രാഹുലിന്റെ സഹോദരിയും വയനാട് എംപി യുമായ പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |