ബാഴ്സലോണയെ 2-1ന് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത്
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്സലോണയെ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സീസണിലാദ്യമായി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്കുയർന്നു. സമനിലയെന്ന് കരുതിയ മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിലാണ് അത്‌ലറ്റിക്കോ വിജയം കണ്ടത്. ഹോംഗ്രൗണ്ടിൽ ബാഴ്സലോണയുടെ തുടർച്ചയായ മൂന്നാം ലാ ലിഗ തോൽവിയാണിത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന ബാഴ്സയ്ക്ക് എതിരെ രണ്ടാം പകുതിയിലാണ് അത്‌ലറ്റിക്കോ രണ്ടുഗോളുകളും അടിച്ചുകയറ്റിയത്. ആക്രമണത്തിലും പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബാഴ്സ വളരെ മുന്നിലായിരുന്നെങ്കിലും കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റിയ അത്‌ലറ്റിക്കോ ജയവും വിലപ്പെട്ട മൂന്ന് പോയിന്റുകളും സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയിൽ പെഡ്രിയിലൂടെയാണ് ബാഴ്സ മുന്നിലെത്തിയത്. റോഡ്രിഗോ ഡി പോളും അലക്സാണ്ടർ സോലോത്തുമാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
0-1
30-ാം മിനിട്ട്
പെഡ്രി
പെഡ്രിയുമായിചേർന്ന് അത‌്‌ലറ്റിക്കോ പ്രതിരോധത്തെ സമർത്ഥമായി കബളിപ്പിച്ചുമുന്നേറിയ ഗാവി ബോക്സിന് തൊട്ടുമുന്നിൽവച്ച് നൽകിയ ബാക്ഹീൽ പാസാണ് ബാഴ്സയുടെ ഗോളായി മാറിയത്.
1-1
60-ാം മിനിട്ട്
റോഡ്രിഗോ ഡി പോൾ
തീർത്തും അപ്രതീക്ഷിതമായാണ് ബാഴ്സയുടെ വലകുലുങ്ങിയത്. ഇടതുവിംഗിലൂടെ അപ്രതീക്ഷിതമായി മുന്നോട്ടോടിക്കയറിയ ഡി പോളിനെ തടുക്കുന്നതിൽ ബാഴ്സ പ്രതിരോധത്തിനും പിഴച്ചതോടെ 20വാര അകലെനിന്നുള്ള ഷോട്ട് വലയിലേക്ക് കയറി.
2-1
90+6-ാം മിനിട്ട്
അലക്സാണ്ടർ
അവസാന നിമിഷത്തെ ബാഴ്സയുടെ ഒരു ആക്രമണത്തിനുള്ള കൗണ്ടർ അറ്റാക്കാണ് വിജയഗോളിൽ കലാശിച്ചത്. മോളിനയുടെ ഒരു ഷോട്ട് ബാഴ്സ ഗോളി തടുത്തത് പിടിച്ചെടുത്തായിരുന്നു അലക്സാണ്ടറുടെ ഷോട്ട്.
1987 ന് ശേഷം ആദ്യമായാണ് ബാഴ്സലോണ ഹോംഗ്രൗണ്ടിൽ തുടർച്ചയായ മൂന്ന് ലാ ലിഗ മത്സരങ്ങൾ തോൽക്കുന്നത്. 87ന് മുമ്പ് 1956ൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്.
പോയിന്റ് ടേബിൾ
(ടീം,കളി,ജയം,സമനില തോൽവി,പോയിന്റ് ക്രമത്തിൽ)
അത്‌ലറ്റിക്കോ മാഡ്രിഡ് 18-12-5-1-41
ബാഴ്സലോണ 19-12--2-5- 38
റയൽ മാഡ്രിഡ് 17-11-4-2-37
അത്‌ലറ്റിക് ക്ളബ് 19-10-6-3-36
മയ്യോർക്ക 19-9-3-7-30
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |