തിരുവനന്തപുരം: അഞ്ചേകാൽ വർഷം കേരളത്തിന്റെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ പിൻഗാമിയായെത്തുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും (70) ആരിഫ് ഖാനെപ്പോലെ, ബീഹാറിലും ഹിമാചലിലും ജനങ്ങൾക്കായി രാജ്ഭവന്റെ വാതിലുകൾ തുറന്നിടുകയും കോളനികളിലടക്കം സന്ദർശനം നടത്തുകയും ചെയ്ത് ജനകീയനെന്ന് പേരെടുത്തയാളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി നേതൃത്വവുമായും ബന്ധമുള്ള, കറകളഞ്ഞ ആർ.എസ്.എസുകാരനായ ആർലേക്കറെ നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നര വർഷം ശേഷിക്കവേ കേരളത്തിലേക്കയയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.
ഗോവയിൽ നിന്നുള്ള നേതാവായ ആർലേക്കർ ക്രൈസ്തവ സഭകളുമായുള്ള പാലമായി മാറും. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഗോവയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച നേതാക്കളിൽ പ്രമുഖനാണ്. വിവാദങ്ങളിലും അദ്ദേഹം പിന്നോട്ടല്ല. സത്യഗ്രഹത്തെ പേടിച്ചല്ല, ജനങ്ങൾ ആയുധമെടുത്തതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്ന കഴിഞ്ഞയാഴ്ചത്തെ പ്രസംഗമാണ് ഒടുവിലത്തെ വിവാദം.
സർവകലാശാലാ വി.സി നിയമനങ്ങളിലടക്കം ആരിഫ് ഖാന്റെ നയങ്ങൾ ആർലേക്കറും തുടരാനാണിട. ബീഹാറിൽ ഗവർണറായിരിക്കെ, സർക്കാർ നൽകിയ വൈസ്ചാൻസലർ നിയമന ശുപാർശ തിരിച്ചയച്ച് മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി കൊമ്പുകോർത്തിരുന്നു.
ഇടതുപക്ഷത്തിന്റെ കടുത്ത വിമർശകനുമാണ്. ഡൽഹി ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാറിനെതിരായ പരാമർശവും വിവാദമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് കരുതി കനയ്യയ്ക്ക് എന്തും പറയാനാവില്ലെന്നായിരുന്നു പരാമർശം.
ഇഷ്ടം സംഗീതം
ശാസ്ത്രീയ സംഗീതവും മറാഠി ലളിതഗാനങ്ങളുമാണ് ആർലേക്കറിന് ഏറെയിഷ്ടം. നാടകങ്ങളും ആസ്വദിക്കും. ബി.കോം ബിരുദധാരിയാണ്. ഭാര്യ: അനഘ.ഒരു മകനും മകളുമുണ്ട്.
പുതിയ ഗവർണർ
ജനുവരി ആദ്യം
ചുമതലയേൽക്കും
കേരളത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജനുവരി ആദ്യം ചുമതലയേൽക്കും. നിലവിൽ ബീഹാർ ഗവർണറാണ്. ഇൻഡോറിലും ഡൽഹിയിലും 28വരെ നിശ്ചയിച്ചിരുന്ന പരിപാടികൾ വെട്ടിച്ചുരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തും. ഡെന്റൽ കോളേജിൽ പരിശോധനയ്ക്കായി ഇന്ന് എത്തുന്നുണ്ട്. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ അദ്ദേഹത്തെ ഗവർണർ സ്വീകരിക്കും. ശിവഗിരിയിലെ പരിപാടിക്ക് ശേഷം മൂന്നരയ്ക്ക് ഉപരാഷ്ട്രപതി മടങ്ങും. 31ന് വൈകിട്ട് 5ന് ശിവഗിരിയിലെ സർവമത സമ്മേളനത്തിന്റെ ഉദ്ഘാടകൻ ഗവർണറാണ്. ഈ പരിപാടിക്ക് ശേഷമായിരിക്കും ഗവർണർ ഒഴിയുകയെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ഡൽഹിയിലാണുള്ളത്.
ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കാനായിരുന്നു ധാരണ. ഇനി പുതിയ ഗവർണറുടെ സമയം തേടിയ ശേഷമായിരിക്കും നിയമസഭാ സമ്മേളനത്തിന്റെ തിയതി നിശ്ചയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |