കണ്ണൂർ: ധർമ്മടം തുരുത്തിന്റെ അസുലഭമായ സൗന്ദര്യം പരമാവധി ഉപയോഗപ്പെടുത്തി വികസന ഭൂപടത്തിലിടം പിടിക്കാൻ പദ്ധതിയുമായി ടൂറിസംവകുപ്പ്. മലബാറിലെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തുരുത്തിനെ മാറ്റാനാണ് നീക്കം. നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസത്തോടെ പൂർത്തിയാകും.
വിവാഹ ആഘോഷത്തിന് ധർമ്മടത്തെ കടൽ കാഴ്ചകൾ മാറ്റ് കൂട്ടുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. ധർമ്മടം ടൂറിസം സെന്ററിൽ ഡസ്റ്റിനേഷൻ കേന്ദ്രത്തിനുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് ഇതുസംബന്ധിച്ച് നേരത്തെ പദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതെ തുടർന്നാണ് ടൂറിസം സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് തയ്യാറായത്.
ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യ വെഡിംഗ് ഡസ്റ്റിനേഷൻ കേന്ദ്രം കോവളത്താണുള്ളത്. രണ്ടാമത്തെ കേന്ദ്രം തുറക്കുന്നതോടെ മലബാർ മേഖലയിലും ഡസ്റ്റിനേഷൻ കേന്ദ്രം ആരംഭിച്ചുവെന്ന പദവി ധർമ്മടത്തിന് ലഭിക്കും. ഇതോടൊപ്പം വെഡിംഗ് ഫോട്ടോഷൂട്ടുകൾക്കുള്ള ഇടവും ഒരുങ്ങുന്നുണ്ട്. പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത്‌വേ, പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, ധർമ്മടം തുരുത്ത്, ചൂട്ടാട് ബീച്ച്, പാലക്കയം തട്ട് എന്നിവിടങ്ങളിലും വെഡിംഗ് ഷൂട്ടിംഗ് നടത്താം.
പ്രിയമേറുന്നു ഡസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക്
വരന്റെയും വധുവിന്റേയും ഭാഗത്ത് നിന്നും ക്ഷണിക്കുന്ന അതിഥികൾക്കൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിൽ ഒത്തു കൂടി വിവാഹ ചടങ്ങുകൾ ആഘോഷമായി നടത്തുന്നതാണ് ഡസ്റ്റിനേഷൻ വെഡിംഗ്. വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തി വരുന്ന കല്യാണചടങ്ങുകൾ ഡസ്റ്റിനേഷനുകളിലേക്ക് മാറും. ഡസ്റ്റിനേഷനുകൾ മുൻകൂറായി ബുക്ക് ചെയ്യാം.
രണ്ടു മുതൽ നാല് ദിവസം വരെ പാക്കേജായും വിവാഹാഘോഷങ്ങൾ നടത്താനാകും. സ്ഥല ലഭ്യത, യാത്രാ സൗകര്യം, താമസ സൗകര്യം, എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ രീതിയിലുളള വിവാഹവേദി തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ തിരുവന്തപുരം, എറണാകുളം, ആലപ്പുഴ, എന്നിവിടങ്ങളിലാണ് ഡസ്റ്റിനേഷൻ വെഡിംഗ് നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ.വയനാട്, മൂന്നാർ പോലുള്ള മലയോര മേഖലകളിലും ഇത്തരം വിവാഹങ്ങൾ നടന്നു വരുന്നുണ്ട്.
കൺകുളിരും കാഴ്ചകൾ
അറബിക്കടലും അഞ്ചരക്കണ്ടി പുഴയും സംഗമിക്കുന്ന അഴിമുഖത്ത് നിന്ന് അൽപം മാറി കടലിൽ സഞ്ചാരികൾക്ക് കൗതുകമായി നിലകൊള്ളുന്ന ഇടമാണ് ധർമ്മടം തുരുത്ത്. അറയ്ക്കൽ രാജവംശത്തിന്റെ കൈയിൽ നിന്നും പലരിലൂടെയും കൈമാറി കാപ്പാടൻ ബാപ്പുവിലെത്തിയ ദ്വീപ് പിൻമുറക്കാരിൽ നിന്ന് 1997ലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഓഷ്യാനേറിയം, റോപ്പ് വേ, ഹെർബൽ പാർക്ക് എന്നിവ സ്ഥാപിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. എന്നാൽ ഈ പദ്ധതികൾ അനന്തമായി നീണ്ടു. അപൂർവ ഇനം സസ്യജാലങ്ങളുടെ കലവറ കൂടിയാണ് ഈ തുരുത്ത്.
ദൂരം
കണ്ണൂരിൽ നിന്ന് 11.കി.മി
തലശേരിയിൽ നിന്ന് 6.കി.മി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |