കോഴിക്കോട്: മലയാള സാഹിത്യത്തിൽ കോഴിക്കോട്ടെ കോലായചർച്ചകൾ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിനുള്ള തെളിവാണ് 'അറബിപ്പൊന്ന്". ലോക സാഹിത്യത്തിൽത്തന്നെ അപൂർവമായിട്ടായിരിക്കും രണ്ട് പ്രതിഭാധനൻമാരായ സാഹിത്യകാരൻമാർ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ആഘോഷിച്ചും ഒരു നോവലെഴുതിയത്. 1960ലാണ് അറബിപ്പൊന്ന് വെളിച്ചം കണ്ടത്. അറബിപ്പൊന്നിന്റെ വരവറിയിച്ചുള്ള പോസ്റ്ററുകൾ കോഴിക്കോട് നഗരത്തിൽ സിനിമാ പോസ്റ്ററുകൾ പോലെ പടർന്നകാലം. പശതേച്ച് പോസ്റ്ററുകൾ ചുവരുകളിലൊട്ടിച്ചത് മറ്റാരുമല്ല, മുണ്ട് മാടിക്കുത്തി ചുണ്ടിൽ പടർന്ന ബീഡിപ്പുകയുമായി എം.ടിയും എൻ.പിയും പിന്നെ കോലായ സംഘവും. ആദ്യദിനം അഞ്ഞൂറോളം കോപ്പികൾ വിറ്റഴിഞ്ഞ്, മലയാള പ്രസാധനചരിത്രത്തിലെ അന്നത്തെ റെക്കോർഡും അറബിപ്പൊന്ന് നേടി.
കോലായ ചർച്ചകൾ
സാഹിത്യ സമ്പന്നമായിരുന്നു അക്കാലത്ത് കോഴിക്കോട്. അവിടുത്തെ കോലായ ചർച്ചകളാണ് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയതെന്ന് എൻ.പി.മുഹമ്മദിന്റെ മകനും സാഹിത്യകാരനുമായ എൻ.പി.ഹാഫിസ് മുഹമ്മദ് പറയുന്നു .പലപ്പോഴും സ്‌കൂൾ വിട്ടുവരുമ്പോൾ തറവാട്ടിലെ കോലായയിൽ ഉപ്പയും സുഹൃത്തുക്കളും സാഹിത്യ ചർച്ചകളിലാവും. ഇപ്പോൾ ഓർക്കുമ്പോഴാണ് ആ ചർച്ചകളിൽ പങ്കെടുത്തവരുടെ വലുപ്പം അത്ഭുതപ്പെടുത്തുന്നത്. എം.ഗോവിന്ദൻ, സുകുമാർ അഴീക്കോട്, എസ്.കെ.പൊറ്റെക്കാട്ട് , ഉറൂബ്, എം.ടി, എം.വി.ദേവൻ, പട്ടത്തുവിള കരുണാകരൻ ,, നമ്പൂതിരി, അരവിന്ദൻ, തിക്കോടിയൻ, വന്നുപോകുന്നവരായി ഒരുപാട് പേരും... ഇടയ്ക്ക് ചർച്ചകൾ നമ്പൂതിരിയുടെ വാടകവീട്ടിലേക്കും മറ്റും നീളും.
അവർക്കുള്ള ഉച്ചയൂണും വൈകിട്ടത്തെ ചായയും പലഹാരങ്ങളുമുണ്ടാക്കലായിരുന്നു ഉമ്മയുടെ പ്രധാന പണി. ആ ചർച്ചകളിലെ കുട്ടിയായിരുന്നു ഞാൻ. ഒരുപക്ഷെ ആ ചർച്ചകളിലൂടെയാവണം എന്നിലും ഒരു എഴുത്തുകാരനുണ്ടെന്ന തിരിച്ചറിവുണ്ടായത്. ഓരോ ആഴ്ചകളിലും പുറത്തിറങ്ങുന്ന പുതിയ പുസ്തകങ്ങൾ, ആനുകാലികങ്ങളിലെ കഥകൾ, അവർ എഴുതാനിരിക്കുന്നതും എഴുതിത്തീർത്തതുമായ കഥകൾ... എല്ലാ ചർച്ചയും അവിടെ നടക്കും. പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ചർച്ചകളെക്കുറിച്ച് ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
കോലായചർച്ചകളിൽ ഒരുനാളിലാണ് അറബിപ്പൊന്ന് ചർച്ചയിലേക്ക് വരുന്നത്. ഗൾഫ് നാടുകളിൽ നിന്നുള്ള സ്വർണക്കടത്തുകളെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് വന്നപ്പോഴാണ് ഉപ്പ എം.ടിയോട് പറയുന്നത്..
' വാസുവേ നീ ഇതിനെക്കുറിച്ച് ഒരു നോവലെഴുത്..." എം.ടിയുടെ മറുപടി എൻ.പി എഴുതിയാൽ മതിയെന്ന്. അന്ന് ദേവനടക്കമുള്ളവർ ചർച്ചയിലുണ്ട്. ആ കോലായ ചർച്ചയാണ് രണ്ടുപേരും കൂടി എഴുതാനുള്ള തീരുമാനത്തിലെത്തിയതെന്ന് ഹാഫിസ് മുഹമ്മദ് ഓർക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |